‘ആദിപുരുഷ്’ സിനിമയ്ക്കെതിരെ വിവാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സിനിമയെ പിന്തുണച്ച് മഹാരാഷ്ട്രാ നവനിര്‍മാണ്‍ സേന. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തു വന്നതിന് പിന്നാലെയാണ് വിമര്‍ശനങ്ങളും വിവാദങ്ങളും എത്തിയത്. മഹാരാഷ്ട്രയില്‍ സിനിമയ്ക്കെതിരെ ബിജെപി നേതാവ് രാം കദം രംഗത്തെത്തിയിരുന്നു.
‘ബോയ്കോട്ട് ആദിപുരുഷ്’ എന്ന പേരില്‍ പ്രകടനവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവനിര്‍മാണ്‍ സേന സിനിമയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാം കദം രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ എന്നാണ് നവനിര്‍മാണ്‍ സേന ചോദിക്കുന്നത്.
”രാം കദം രാവണനെ നേരില്‍ കണ്ടിട്ടുണ്ടോ? അല്ലെങ്കില്‍ നിങ്ങളുടെ പോക്കറ്റില്‍ രാവണന്റെ ചിത്രമുണ്ടോ? സംവിധായകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുക. ദൈവങ്ങളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചല്ല പറയുന്നത്. ഈ വിവാദത്തില്‍ നവനിര്‍മാണ്‍ സേന സിനിമയ്ക്കൊപ്പമാണ്.”
”സിനിമയുടെ പേരില്‍ വൃത്തിക്കെട്ട രാഷ്രീയം അനുവദിക്കില്ല. 400-500 പേര്‍ക്ക് തൊഴില്‍ നല്കിയ സിനിമയാണിത്. ഒരു ടീസര്‍ കണ്ട് സിനിമയെ വിലയിരുത്താനാകില്ല” എന്ന് നവനിര്‍മാണ്‍ സേന നേതാവ് അമേയ ഖോപ്കര്‍ പറഞ്ഞു. സിനിമയ്ക്കെതിരെ ബ്രഹ്മിന് മഹാസഭയും രംഗത്തെത്തിയിട്ടുണ്ട്.
Read more
രാമണയത്തെ മുസ്ലീംവത്ക്കരിക്കുകയാണ് സിനിമയിലൂടെ. ടീസറിലെ വിവാദ രംഗങ്ങള്‍ പിന്‍വലിച്ച് ഏഴ് ദിവസത്തിനകം മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും എന്നാണ് ബ്രാഹ്മിന്‍ മഹാസഭ പറയുന്നത്. അതേസമയം, സിനിമയുടെ വിഎഫ്എക്സിനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.