അണിനിരക്കുന്നത് ഉത്തരേന്ത്യന്‍ താരങ്ങള്‍, 100 കോടി ബജറ്റ്, മലൈക്കോട്ടൈ വാലിബന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ’ ചിത്രീകരണം പുരോഗമിക്കുകയാണ്. മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 100 കോടി ബജറ്റിലാണ് അണിയറയിലൊരുങ്ങുന്നത്.

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. മോഹന്‍ലാലും ഹരീഷ് പേരടിയും മണികണ്ഠന്‍ ആചാരിയും താരങ്ങളാകുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളെല്ലാം ഉത്തരേന്ത്യന്‍ താരങ്ങളാണെന്നാണ് റിപ്പോര്‍ട്ട്. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍. ഇതില്‍ 80 ദിവസവും മോഹന്‍ലാലിന്റെ ചിത്രീകരണമുണ്ടാകും.

ചിത്രത്തില്‍ 10-15 കോടിവരെയാണ് മോഹന്‍ലാലിന്റെ പ്രതിഫലം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതിഫലം അഞ്ച് കോടിയാണ്. ഈ മാസം 18-നാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിന് ശേഷം പി എസ് റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്.

ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഒക്ടോബര്‍ 25ന് ആയിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം.