കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ- ഗാവസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റായ ബോക്സിങ് ഡേ ടെസ്റ്റ് മെൽബണിൽ ആരംഭിച്ചു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. പരമ്പരയിൽ കഴിഞ്ഞ മത്സരങ്ങളിലെല്ലാം കണ്ട ആവേശവും വാക്കേറ്റവും നാലാം ടെസ്റ്റിന്റെ ആദ്യ മണിക്കൂറിൽ തന്നെ പ്രകടമായിരുന്നു. ഇന്ത്യയുടെ വിരാട് കോഹ്‌ലിയും ഓസീസിന്റെ അരങ്ങേറ്റക്കാരനായ 19 കാരൻ സാം കോൺസ്റ്റാസും തമ്മിലായിരുന്നു ഇന്നത്തെ വാക്കേറ്റം.

വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടിയത് മുതലാണ് സംഭവം ആരംഭിക്കുന്നത്. വിരാട് കോഹ്‌ലിയുടെ ഈ പ്രവർത്തനത്തിൽ പ്രകോപിതനതായ യുവതാരം കോഹ്‌ലിയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. തുടർന്ന് അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ സാം കോൺസ്റ്റാസിന്റെ കലി അടങ്ങിയിരുന്നില്ല. അധികം വൈകാതെ യുവ താരത്തിന്റെ ബാറ്റിങ് ചൂട് ഇന്ത്യ അറിഞ്ഞു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ ഇത് വരെ ഓസീസിന് ലഭിക്കാത്ത മികച്ച തുടക്കമാണ് നൽകി.

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

65 പന്തിൽ രണ്ട് സിക്സറുകളും നാല് ഫോറുകളും അടക്കം 60 റൺസ് നേടി പുറത്തായ താരം ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയ്ക്കെതിരെ രണ്ട് സിക്സറുകൾ പറത്തി. കഴിഞ്ഞ മൂന്ന് വർഷമായി ടെസ്റ്റിൽ സിക്സർ വഴങ്ങാത്ത റെക്കോർഡുള്ള താരമാണ് ബുംമ്ര. ഇതിനിടയിൽ ബുംറ നാലായിരത്തി അഞ്ഞൂറിനടുത്ത് പന്തുകൾ എറിഞ്ഞിട്ടുണ്ട്. ബുമ്രയുടെ ഒരോവറിൽ 18 റൺസ് നേടാനും കോൺസ്റ്റാസിനായി.

നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 40 ഓവർ പിന്നിടുമ്പോൾ 150 റൺസാണ് ഓസീസ് നേടിയത്. 57 റൺസെടുത്ത് ഉസ്മാൻ ഖവാജയും 30 റൺസെടുത്ത് ലാബുഷെയ്‌നുമാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി മോശം ഫോമിലുള്ള ശുഭ്മാൻ ഗില്ലിനെ പുറത്തക്കി വാഷിംഗ്ടൺ സുന്ദർ ടീമിലെത്തിച്ചു. മാത്രമല്ല, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. ഗില്ലിന് പകരം കെ എൽ രാഹുൽ മൂന്നാമനായി ക്രീസിലെത്തും.