ആക്ഷന്‍ രംഗത്തില്‍ മുന്നൂറിലധികം ആര്‍ട്ടിസ്റ്റുകള്‍; 'വാലിബനാ'യി പൊഖ്റാനില്‍ കൂറ്റന്‍ കോട്ടയുടെ സെറ്റ്

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ‘മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ ജയ്‌സാല്‍മീര്‍ ഷെഡ്യൂളിന് ശേഷം അണിയറ പ്രവര്‍ത്തകര്‍ നേപ്പാളിലെ പൊഖ്റാനിലേക്ക് പോകുന്നു എന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.മലൈക്കോട്ട വാലിബനായി പൊഖ്റാനില്‍ ഒരു വലിയ കോട്ട സെറ്റ് ഒരുക്കിയിട്ടുണ്ട്.

ഇവിടെ ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ സംഘട്ടന രംഗമാണ് ചിത്രീകരിക്കുക. മുഴുവന്‍ ആക്ഷന്‍ സീക്വന്‍സും രാത്രിയില്‍ മാത്രമായിരിക്കും ചിത്രീകരിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 300-ഓളം സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകള്‍ ഫൈറ്റ് സീക്വന്‍സിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്

ഈ രംഗങ്ങള്‍ മലൈക്കോട്ടൈ വാലിബന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ആണെന്നും പറയപ്പെടുന്നു.മോഹന്‍ലാലും ലിജോയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തില്‍ കമല്‍ഹാസന്‍ ഒരു പ്രധാന വേഷം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നീണ്ട നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും കമലും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കുമിത്. തമിഴ് താരം ജീവയും സിനിമയില്‍ അതിഥി വേഷത്തിലെത്തുമെന്ന സൂചനകളുണ്ട്.

Read more

സോണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത് എന്നിവരും വാലിബനില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ യുകെയില്‍ വെച്ചാകും നടക്കുക. നൂറ് ദിവസമാണ് വാലിബന്റെ ആകെ ഷെഡ്യൂള്‍.