രക്തം കൊണ്ട് എഴുതിയ വീരചരിത്രങ്ങള്‍ പറയാന്‍ 'മാമാങ്കം'; ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം “മാമാങ്ക”ത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഡിസംബര്‍ 12- ന് റിലീസിന് എത്തുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. 2 മണിക്കൂറും 37 മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം. കേരളത്തില്‍ മാത്രം 400 തിയേറ്ററുകളിലാണ് മാമാങ്കം പ്രദര്‍ശനത്തിനെത്തുന്നത്.

എം പത്മകുമാര്‍ ഒരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. 55 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

സാമൂതിരി ഭരണ കാലഘട്ടത്തിലെ ചാവേറുകളുടെയും മാമാങ്കത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.