തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കണ്‍ ആയ നടി മമിത ബൈജുവിന് വോട്ട് ഇല്ല. കന്നിവോട്ടര്‍മാരെ ആകര്‍ഷിക്കാനാണ് മമിതയെ സ്വീപ് യൂത്ത് ഐക്കണായി തിരഞ്ഞെടുത്തത്. വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് ഇവരിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജനങ്ങളിലെത്തിക്കുന്നത്.
എന്നാല്‍ കന്നിവോട്ടറായ മമിതയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണ് പ്രശ്‌നമായത്. കഴിഞ്ഞ ദിവസം നടിയുടെ കിടങ്ങൂരിലെ വസതിയില്‍ വോട്ടിങ് സ്ലിപ് എത്തിച്ചപ്പോഴാണ് മകളുടെ പേര് ലിസ്റ്റില്‍ ഇല്ല എന്ന വിവരം പിതാവ് അറിയുന്നത്.
സിനിമാത്തിരക്കുകള്‍ കാരണമാണ് വോട്ട് ഉറപ്പാക്കാന്‍ കഴിയാതെ പോയതെന്ന് പിതാവ് ഡോ ബൈജു പ്രതികരിച്ചു. സ്വീപ് എന്നറിയപ്പെടുന്ന സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം വോട്ടര്‍മാരെ ബോധവല്‍ക്കരിക്കാനും സാക്ഷരത പ്രോത്സാഹിപ്പിക്കാനുമുള്ള പദ്ധതിയാണ്.
അതേസമയം, നാളെയാണ് കേരളത്തില്‍ പോളിംഗ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ആറ് വരെയാണ് പോളിംഗ് നടക്കുക. ആദ്യമാമയി വോട്ട് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി മീനാക്ഷി അനൂപ് രംഗത്തെത്തിയിരുന്നു. ആര് ഭരിക്കണമെന്നത് ഇനി താന്‍ കൂടി തീരുമാനിക്കും എന്ന പോസ്റ്റ് ആണ് മീനാക്ഷി പങ്കുവച്ചിരുന്നത്.