'സ്വപ്‌നത്തിന്റെ പരിസമാപ്തി' എന്ന് സംവിധായകന്‍, ഹൈടെക് സ്റ്റൈലില്‍ മമ്മൂട്ടിയുടെ 'ബസൂക്ക'; ചിത്രീകരണം ആരംഭിച്ചു

ഡിനോ ഡെന്നീസന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘ബസൂക്ക’യുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റില്‍ സാമുദ്രിക ഹാളില്‍ ചിത്രത്തിന്റെ പൂജ നടന്നു. കലൂര്‍ ഡെന്നിസ്, കമല്‍, ബി. ഉണ്ണികൃഷ്ണന്‍, ഷാജി കൈലാസ്, ജോസ് തോമസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചിത്രത്തിന്റെ ആദ്യ ക്ലാപ് ഷാജി കൈലാസ് നിര്‍വ്വഹിച്ചു. സരിഗമയുടെ ഫിലിം സ്റ്റുഡിയോ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും സിദ്ധാര്‍ത്ഥ് ആനന്ദ് കുമാറിനൊപ്പം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി.എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ക്രൈം ഡ്രാമ ജോണറിലാണ് എത്തുന്നത്.

”മമ്മൂട്ടി സാറിനൊപ്പം പ്രവര്‍ത്തിക്കുക എന്ന എന്റെ സ്വപ്‌നത്തിന്റെ പരിസമാപ്തിയാണ് ഈ ചിത്രം. ഈ തിരക്കഥയാണ് തനിക്ക് അതിനുള്ള അവസരം നല്‍കിയത്. അദ്ദേഹത്തെ പോലെ അനുഭവ പരിചയവുമുള്ള ഒരു നടനെ സംവിധാനം ചെയ്യുക എന്നത് ജീവിതത്തിലെ ഭാഗ്യമായതിനാല്‍ ഞാന്‍ ത്രില്ലിലാണ്” എന്നാണ് ഡിനോ ഡെന്നീസ് പറയുന്നത്.

തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകനാണ് ഡിനോ ഡെന്നിസ്. ഒരു ഹോളിവുഡ് സ്റ്റൈലില്‍ അധികം സൂചനകളൊന്നും തരാതെ ആയിരുന്നു ബസൂക്കയുടെ ഫസ്റ്റ് ലുക്ക് എത്തിയത്. കൈയില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലുള്ളത്. ഇതൊരു ഗ്യാങ്സ്റ്റര്‍ മൂവിയാണ് വരാന്‍ പോകുന്നത് എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന.

ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന തികഞ്ഞ ഹൈടെക്ക് മൂവിയായിരിക്കും ഈ സിനിമ. ഗൗതം മേനോനും ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കുന്നുണ്ട്. മറ്റു പ്രമുഖ താരങ്ങളും ഈ സിനിമയില്‍ എത്തുന്നുണ്ട് എന്നാണ് വിവരം.