മമ്മൂട്ടി നിങ്ങള്‍ കണ്ട മമ്മൂട്ടിയൊന്നും അല്ല, ഈ ജീവിതം കാണൂ...

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തി നില്‍ക്കുന്ന വിവാദമാണ് ഐ എഫ് എഫ് കെ വേദിയുടെ ഓപ്പണ്‍ ഫോറത്തില്‍ വെച്ച് നടി പാര്‍വതി കസബ എന്ന മമ്മൂട്ടി ചിത്രത്തിനെതിരെ നടത്തിയ വിവാദപരമായ പരാമര്‍ശം. ഏതായാലും ആ പരാമര്‍ശത്തിനെതിരെ പ്രശസ്ത വ്യക്തികളടക്കം രൂക്ഷ വിമര്‍ശനങ്ങളുമായാണ് രംഗത്ത് വന്നിരിക്കുന്നത്. പക്ഷെ ഈ വിവാദം സൃഷ്ടിക്കപ്പെടാന്‍ കാരണമായ യഥാര്‍ത്ഥ പശ്ചാത്തലം കാര്യകാരണ സഹിതം വെളിപ്പെടുത്തിക്കൊണ്ടു മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകനായ അനില്‍ തോമസ് രംഗത്ത് വന്നിരിക്കുകയാണ്. ഈ വിവാദത്തിന്റെ തുടക്കം ഇപ്പോള്‍ ശ്രദ്ധ മാറി പോയ മറ്റൊരു വിഷയം ആയിരുന്നു. ആ വിഷയത്തില്‍ നിന്ന് ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും തിരിച്ചു വിടാനുള്ള ബോധപൂര്‍വമുള്ള ഒരു ശ്രമം ആയിരുന്നു നമ്മള്‍ പിന്നീട് കണ്ട കസബ വിവാദം എന്ന് അനില്‍ തോമസ് പ്രതികരിക്കുന്നു.

പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കേരളത്തിലേക്ക് എത്തിച്ച ഒരു ചിത്രമാണ് മിന്നാമിനുങ്ങ്. ഈ ചിത്രത്തിലെ സുരഭി ലക്ഷ്മി എന്ന നടിയുടെ അവിസ്മരണീയ പ്രകടനം ഏറെ പ്രശംസ പിടിച്ചു പറ്റിയതുമാണ്. പക്ഷെ ഐ എഫ് എഫ്കെ യില്‍ ചിത്രത്തിന് പ്രദര്‍ശാനുമതി നിഷേധിക്കപ്പെട്ടു എന്ന് മാത്രമല്ല സംസ്ഥാന പുരസ്‌കാരം നേടിയ നടി അടക്കം ഉല്‍ഘാടന വേദി പങ്കിട്ടപ്പോള്‍ ദേശീയ പുരസ്‌കാരം നേടിയ സുരഭി ലക്ഷ്മി അവിടെയും തഴയപ്പെടുകയായിരുന്നു. മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി രൂപീകരിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന വനിതാ സംഘടന ഈ കാര്യത്തിലൊക്കെ മൗനം പാലിച്ചത് പരക്കെ അതൃപ്തിയുണ്ടാക്കുകയും ചെയ്തു.

വനിതാ സംഘടനയിലെ മൂന്നു പേര്‍ കേരളാ ചലച്ചിത്ര അക്കാദമിയില്‍ ഉണ്ടായിട്ടു പോലും മിന്നാമിനുങ്ങിനോ സുരഭിക്കോ വേണ്ടി സംസാരിക്കാന്‍ ഒരാള്‍ പോലും തയ്യാറായില്ല എന്നതും വിവാദങ്ങള്‍ക്കു വഴി വെച്ചു. ഇത് കൂടാതെ ടേക്ക് ഓഫ് എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശന സമയത്തു പാര്‍വതി എന്ന നടിക്കു അവിടെ സ്വീകരണം ഒരുക്കിയപ്പോള്‍, സുരഭിയെ തഴഞ്ഞ സംഭവത്തില്‍ പ്രതികരിക്കാതെ ഇരുന്ന വനിതാ സംഘടനാ അംഗങ്ങള്‍ അവിടെ ഉണ്ടായിരുന്നു എന്നതും ജനങ്ങളുടെ രോഷത്തിനു ഇടയാക്കി.

ഇതിനെ പറ്റി ചോദിച്ചപ്പോഴും സംഘടനാ പ്രതിനിധികള്‍ ഉത്തരം പറയാതെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. മിന്നാമിനുങ്ങ് പ്രദര്‍ശിപ്പിച്ചില്ല എന്ന് മാത്രമല്ല വനിതാ സംഘടനയിലെ ഒരംഗത്തിന്റെ ചിത്രം ചലച്ചിത്രമേളയിലെ ഒരു പ്രത്യേക വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സുരഭിക്കോ മിന്നാമിനുങ്ങിനോ വേണ്ടി ഒരു ചെറു വിരല് പോലും അനക്കാതിരുന്ന വനിതാ സംഘടനക്കെതിരെ വ്യാപകമായ പ്രതിഷേധവും പ്രതികരണവും എല്ലാ രംഗത്ത് നിന്നും പൊങ്ങി വരാന്‍ തുടങ്ങിയതോടെ , അതില്‍ നിന്ന് ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും മാറ്റി വിട്ടുകൊണ്ട് , വനിതാ സംഘടനാ പ്രതിനിധികള്‍ കളിച്ച ഒരു ചീപ് പൊളിറ്റിക്‌സ് ആണ് കസബ വിവാദം.

അതോടെ ഇതിന്റെ മൂല കാരണത്തില്‍ നിന്നുള്ള ശ്രദ്ധ മാറുകയും, ചര്‍ച്ചകളുടെ വഴി തന്നെ വേറെ രീതിയിലായിത്തീരുകയും ചെയ്തു. സിനിമയിലെ പണക്കാരുടെയും വലിയ വലിയ ആളുകളുടെയും കൂടെ മാത്രം നില്‍ക്കുന്ന വനിതാ സംഘടനയുടെ തനി നിറം പുറത്തായതോടെ , അതിനു മുന്നില്‍ സൃഷ്ടിച്ച ഒരു പുകമറയാണ് ഈ കസബ വിവാദം എന്നും സത്യം ജനങ്ങളും മാധ്യമങ്ങളും തിരിച്ചറിയണം എന്നും അനില്‍ തോമസ് പ്രതികരിക്കുന്നു.

അതിനിടക്ക് മിന്നാമിനുങ്ങിന്റെ സമാന്തര പ്രദര്‍ശനം അവിടെ നടന്നപ്പോള്‍ അതിനു ലഭിച്ച വമ്പിച്ച ജനപിന്തുണ കണ്ടു, വനിതാ സംഘടനാ പ്രതിനിധികള്‍ സുരഭിയെ വന്നു കണ്ടു അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും, അത് മാധ്യമങ്ങളുടെ മുന്നില്‍ പൊക്കി പിടിച്ചു എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചു എന്ന മട്ടില്‍ ഒരു നാടകം കളിക്കുകയും ചെയ്തതും, മുകളില്‍ പറഞ്ഞ പുകമറ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ചെയ്തതാണെന്നും അനില്‍ തോമസ് പറയുന്നു.