'പ്രാങ്കില്‍ തുടങ്ങിയ ബന്ധം.. ജീവിതത്തിലെ പ്രതിസന്ധിഘട്ടത്തിലാണ് ഗൗതം വന്നത്'; പ്രണയം തുറന്നു പറഞ്ഞ് മഞ്ജിമയും ഗൗതവും

ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാട് മാറ്റിയത് ഗൗതം കാര്‍ത്തിക് ആണെന്ന് മഞ്ജിമ മോഹന്‍. ഗോസിപ്പുകള്‍ അവസാനിപ്പിച്ച് തങ്ങളുടെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ഇരുതാരങ്ങളും. 2019ല്‍ റിലീസ് ചെയ്ത ‘ദേവരാട്ടം’ എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ താരങ്ങള്‍ ഇതിനോട് പ്രതികരിച്ചിരുന്നില്ല. തന്റെ കുറവുകളെ അംഗീകരിക്കാന്‍ പഠിപ്പിച്ച്, തന്റെ ജീവിതത്തില്‍ ഒരു കാവല്‍ മാലാഖയെ പോലെയാണ് ഗൗതം എത്തിയിരിക്കുന്നത് എന്നാണ് മഞ്ജിമ ഗൗതത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

”ഒരു കാവല്‍ മാലാഖയെ പോലെയാണ് ജീവിതത്തിലെ പ്രതിന്ധിഘട്ടത്തില്‍ ഗൗതം കടന്ന് വന്നത്. ജീവിത്തോടുള്ള കാഴ്ച്ചപ്പാട് മാറ്റി. കൈത്താങ്ങായി ഒപ്പം നിന്ന് കുറവുകളെ അംഗീകരിക്കാന്‍ പഠിപ്പിച്ചു. എങ്ങനെയാണോ ഞാന്‍ അതുപോലെ എന്നെ സ്നേഹിച്ചു. എനിക്ക് എന്നും എപ്പോഴും പ്രിയപ്പെട്ടത് നീയാണ്” എന്നാണ് മഞ്ജിമയുടെ കുറിപ്പ്.

സോള്‍മേറ്റാണ് മഞ്ജിമയെന്നും പ്രാങ്കില്‍ തുടങ്ങിയ ബന്ധം ഇപ്പോള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങാന്‍ ഉള്ള ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പില്‍ എത്തി നില്‍ക്കുന്നു എന്നാണ് ഗൗതം തന്റെ കുറിപ്പില്‍ പറയുന്നത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്.

ബാലതാരമായി മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജിമ മോഹന്‍. കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ്, പ്രിയം, സുന്ദര പുരുഷന്‍, മധുരനൊമ്പരക്കാറ്റ് തുടങ്ങി ഒരുപിടി ചിത്രങ്ങളില്‍ മഞ്ജിമ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളാണ് മഞ്ജിമ.

Read more

മലയാളത്തില്‍ നിവിന്‍ പോളിയുടെ നായികയായി ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജിമ നടിയായി അരങ്ങേറ്റം കുറിച്ചത്. തമിഴിലെ പ്രശസ്ത നടന്‍ കാര്‍ത്തിക്കിന്റെയും രാഗിണി മുത്തുരാമന്റെയും മകനാണ് യുവനടന്‍ ഗൗതം കാര്‍ത്തിക്ക്.