ദുല്‍ഖറും ആസിഫ് അലിയും ചെയ്യാനിരുന്ന സിനിമ, ഡിഗാള്‍ ജെയിംസ് എഴുതിയ 'മഞ്ഞുമ്മല്‍ ബോയ്‌സ്'.. എന്നാല്‍ നടന്നത് മറ്റൊന്ന്..; കുറിപ്പ് വിവാദമാകുന്നു

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അവസാനമില്ല. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന വിവാദത്തിലാണ് നിലവില്‍ സിനിമ. ഇതിനിടെ മറ്റൊരു വിവാദം കൂടി തലപൊക്കിയിരിക്കുകയാണ്. ഡിഗാള്‍ ജെയിംസ് എന്ന സഹസംവിധായകന്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത് എന്നാണ് എം3ഡിബി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ എത്തിയിരിക്കുന്നത്. ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍, അര്‍ജുന്‍ അശോകന്‍, ഷെയ്ന്‍ നിഗം, റോഷന്‍ മാത്യു, അരുണ്‍ കുര്യന്‍ എന്നീ താരങ്ങളോട് ഈ കഥ പറഞ്ഞിരുന്നു.

സിനിമ ചെയ്യാനുള്ള തയാറെടുപ്പുകള്‍ തുടരുന്നതിനിടെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവച്ച് എത്തിയത് എന്നാണ് കുറിപ്പില്‍ പറയുന്നത്. ഡിഗാള്‍ എഴുതിവച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ അടക്കമുള്ള പ്രധാന സീനുകള്‍ വരെ ആ സ്‌ക്രിപ്റ്റില്‍ എത്തിയിരുന്നു. എങ്കിലും ആര്‍ക്കും ചെയ്യാവുന്ന സിനിമ ആയതിനാല്‍ ഡിഗാള്‍ നിശബ്ദനാവുകയായിരുന്നു എന്നാണ് കുറിപ്പില്‍ പറയുന്നത്. പീയുഷ് ആര്‍ എന്ന അക്കൗണ്ടില്‍ നിന്നാണ് ഈ കുറിപ്പ് എത്തിയിരിക്കുന്നത്. ഡിഗാള്‍ എഴുതിയ തിരക്കഥയുടെ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്.

കുറിപ്പ്:

മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രത്തിന്റെ ഭഗമാവാന്‍ കഴിയാതെ പോയതില്‍ ഏറ്റവും നിരാശയുള്ള അഭിനേതാവാകാം ഒരുപക്ഷെ ആസിഫ് അലി. ‘ഞാന്‍ മനസിലാക്കിയതിനേക്കാള്‍ ഒരുപാട് മുകളിലായിരുന്നു മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രം ‘ എന്ന ആസിഫ് അലിയുടെ വാക്കുകള്‍ അതാണ് സൂചിപ്പിയ്ക്കുന്നത്. എന്നാല്‍ ആസിഫിന് ഉണ്ടായതിനേക്കാള്‍ എത്രയോ വലിയ നിരാശയാവും നടക്കാതെ പോയ ആദ്യ സംവിധാനസംരംഭം തന്റെ കണ്‍മുന്നില്‍ ചരിത്രം കുറിയ്ക്കുന്നത് കാണുമ്പോള്‍ ഡിഗാള്‍ ജെയിംസ് എന്ന സഹസംവിധായകനുണ്ടാവുക!. തനിയ്ക്കുള്ള സമയമായിട്ടില്ല എന്ന തിരിച്ചറിവിനപ്പുറം ആരോടും പരിഭവവും പരാതിയുമില്ലാതെ ഡിഗാള്‍ ഇന്നും ‘താരങ്ങളുടേയും’ നിര്‍മ്മാതാക്കാളുടേയും പിറകേ അലയുകയാണ്.

ഇന്റര്‍വ്യുവിനിടയിലെ സാധാരണ വാചകങ്ങള്‍ പോലെ ആസിഫ് മഞ്ഞുമ്മലിനെക്കുറിച്ച് പറഞ്ഞുപോയി; എന്നാല്‍ സ്വന്തമായി ഒരു സിനിമ എന്ന സ്വപ്നവുംപേറി കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി അലയുന്ന ഒരു ചെറുപ്പക്കാരന് തന്റെ നഷ്ടസ്വപ്നത്തെക്കുറിച്ച് അങ്ങനെ പറഞ്ഞുപോകാന്‍ കഴിയില്ല… അതു വിശദമായിതന്നെ അയാള്‍ എന്നോട് പറഞ്ഞു. അതൊരല്‍പ്പം ഇവിടെ കുറിയ്ക്കുന്നു. സിനിമയെ സ്വപ്നം കാണുന്നവര്‍ക്ക് പ്രചോദനമാവട്ടെ എന്ന ഒറ്റക്കാരണത്താല്‍.

2006 ഒക്ടോബര്‍ 21 ശനിയാഴ്ച മലയാള മനോരമ പത്രത്തോടൊപ്പം പ്രസിദ്ധീകരിച്ച ‘ശ്രീ’ യിലും അടുത്ത ദിവസം കേരളകൗമുദി സണ്‍ഡേ സപ്ലിമെന്റിലും വന്ന ലേഖനത്തിലൂടെയാണ് മഞ്ഞുമ്മലിലെ ബോയ്‌സിനെക്കുറിച്ച് ഡിഗാള്‍ ആദ്യം അറിയുന്നത്. അതിലെ ചലച്ചിത്ര സാധ്യത മനസിലാക്കിയ ഡിഗാള്‍ കാലങ്ങളോളം അത് മനസില്‍ താലോലിച്ച് ആ കഥ ഒടുവില്‍ എഴുതി പൂര്‍ത്തിയാക്കി. ‘ഡേറ്റിനായുള്ള പരക്കം പാച്ചില്‍’ സഹസംവിധായകനായി പണിയെടുക്കുന്നതിനൊപ്പം തന്നെ ആദ്യ സിനിമ എന്ന സ്വപ്നവുമായി പല നിര്‍മ്മാതാക്കളേയും ഡിഗാള്‍ സമീപിച്ചു. മാര്‍ക്കറ്റുള്ള നായകനെ കിട്ടിയാല്‍ പണം മുടക്കാമെന്ന നിര്‍മ്മാതാക്കളുടെ ഉറപ്പില്‍ അതിനുള്ള പരിശ്രമമായിരുന്നു പിന്നീട്.

2012ല്‍ ഉസ്താദ് ഹോട്ടലിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ദുല്‍ഖര്‍ സല്‍മാനെ കാത്ത് ഡിഗാള്‍ നില്‍പ്പുണ്ടായിരുന്നു. കഥ ഇഷ്ടപ്പെട്ട ദുല്‍ഖര്‍ ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടു. ഗുണ കേവില്‍ അകപ്പെടുന്ന കഥാപാത്രത്തിനുപകരം രക്ഷപെടുത്തുന്ന കഥാപാത്രമാണെങ്കില്‍ താന്‍ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചു. തുടര്‍ന്ന് മറ്റ് ചില ചിത്രങ്ങളുടെ സഹ സംവിധായകനായി പണിയെടുക്കുന്നതിനൊപ്പം സ്‌ക്രിപ്റ്റ് തിരുത്തലുകള്‍ വരുത്തി വീണ്ടും ദുല്‍ഖറിലേക്ക്. ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരുന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ഡിഗാള്‍ എത്തുമ്പോള്‍ വര്‍ഷങ്ങള്‍ കടന്നുപോയിരുന്നു. ഒപ്പം ദുല്‍ഖറും വളര്‍ന്നു. ഇപ്പോഴത്തെ തിരക്കിനിടയില്‍ ഉടനെയൊന്നും ഈ സിനിമ ചെയ്യാനാവില്ലെന്ന തിരിച്ചറിവില്‍ , മറ്റാരെയെങ്കിലും വച്ച് ഈ സിനിമ ചെയ്യണം എന്ന ഉപദേശത്തോടെ ദുല്‍ഖര്‍ ഡിഗാളിനെ സ്‌നേഹപൂര്‍വ്വം മടക്കിയയച്ചു.

‘കൗബോയ്’ എന്ന ചിത്രത്തിന്റെ സഹ സംവിധായകനായിരിയ്ക്കുമ്പോഴുള്ള പരിചയത്തില്‍ ആസിഫ് അലിയോട് കഥ പറയാന്‍ ഡിഗാള്‍ തീരുമാനിച്ചു. കളമശ്ശേരിയില്‍ കുസാറ്റിന് സമീപമുള്ള വീട്ടില്‍ ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേയ്ക്ക് ആസിഫിന്റെ സന്തതസഹചാരി അമീന്റെ നിര്‍ദ്ദേശപ്രകാരം ഡിഗാള്‍ എത്തുന്നു. ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ ആദ്യ ദിവസം കഥ പറയാന്‍ സാധിയ്ക്കാതെ മടങ്ങിയ ഡിഗാള്‍ തുടര്‍ന്ന് ദിവസങ്ങളോളം അതേ ലൊക്കേഷനില്‍ കയറിയിറങ്ങി. ഇരുപതാം ദിവസം കഥ പൂര്‍ണ്ണമായും കേട്ട ആസിഫ് അടുത്ത പടത്തിന് ശേഷം ആലോചിയ്ക്കാമെന്ന മറുപടിയില്‍ അയാളെ മടക്കിയയച്ചു. പക്ഷെ പിന്നീട് അനുകൂലമായ ഒരു മറുപടി ലഭിയ്ക്കാതായതോടെ അടുത്ത ‘താരത്തെ’ തേടി യാത്ര തുടര്‍ന്നു.

റാഫിമെക്കാര്‍ട്ടില്‍ ടീമിലെ മെക്കാര്‍ട്ടിന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് അര്‍ജ്ജുന്‍ അശോകനെ കാണാന്‍ തിരുവനന്തപുരത്ത് എത്തുന്നത്. വിധു വിന്‍സെന്റിന്റെ ‘സ്റ്റാന്‍ഡ് അപ്’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി കഥ പറഞ്ഞ് തിരിച്ച് തമ്പാന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തുമ്പോള്‍ മെക്കാര്‍ട്ടിന്റെ ഫോണ്‍. ‘ നീ എന്തു കഥയാ അവിടെപ്പോയി പറഞ്ഞത്?’. താന്‍ അയച്ച പയ്യന്‍ ഒരു പൊട്ടക്കഥ വന്ന് പറഞ്ഞിട്ടുപോയി എന്ന് ഹരിശ്രീ അശോകന്‍ വിളിച്ച് പരാതി പറഞ്ഞതായി മെക്കാര്‍ട്ടിന്‍ ഡിഗാളിനെ അറിയിച്ചു. അതോടെ ആ പ്രതീക്ഷയും അസ്തമിച്ചു.

തുടര്‍ന്നാണ് ഷെയ്ന്‍ നിഗത്തിലേക്ക് എത്തുന്നത്. കഥ കേട്ടയുടന്‍ താല്‍പ്പര്യമില്ലെന്ന ഒറ്റവാക്കില്‍ ഷെയ്ന്‍ വിസമ്മതം അറിയിച്ചു. കൊവിഡ് 19 നെത്തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സ്‌ക്രിപ്റ്റ് മിനുക്കുപണികളുമായി ഡിഗാള്‍ വീട്ടില്‍ത്തന്നെ ഒതുങ്ങിക്കൂടി. കൊവിഡ് മഹാമാരിയുടെ ഇടവേള കഴിഞ്ഞ് വീണ്ടും ശ്രമം ആരംഭിച്ച ഡിഗാള്‍ 2021 ഓഗസ്റ്റ് 3 ന് ഒരു സുഹൃത്ത്തില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ച് റോഷന്‍ മാത്യുവിനെ വിളിയ്ക്കുന്നു. ഫോണിലൂടെ കഥ കേട്ട റോഷന്‍ രണ്ടാമത്തെ കഥാപാത്രം ആരാണ് ചെയ്യുന്നതെന്ന് അന്വേഷിയ്ക്കുകയും അരുണ്‍ കുര്യന്‍ എന്ന തന്റെ സുഹൃത്തിനെ വിളിച്ചു കഥ പറയാനും ആവശ്യപ്പെടുന്നു. റോഷന്റെ നിര്‍ദ്ദേശപ്രകാരം സ്‌ക്രിപ്റ്റ് മെയിലില്‍ അയയ്ക്കുകയും തുടര്‍ന്ന് അന്നുതന്നെ അരുണ്‍കുര്യനെ വിളിച്ച് കഥ പറയുകയും ചെയ്യുന്നു. ദിവങ്ങള്‍ക്കുശേഷം റോഷനെ ബന്ധപ്പെട്ടപ്പോള്‍ ‘ ഒരു സര്‍വൈവല്‍ ത്രില്ലര്‍’ ചെയ്യാനുള്ള മൂഡിലല്ല ‘ താനിപ്പോള്‍ ഉള്ളതെന്നു പറഞ്ഞ് റോഷന്‍ പിന്‍മാറുന്നു.

വീണ്ടും ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് 2022 ല്‍ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ടൈറ്റില്‍ പുറത്തുവരുന്നത്. ടൈറ്റിലില്‍ ഒളിഞ്ഞിരിയ്ക്കുന്ന കൈകള്‍ ശ്രദ്ധിച്ച ഡിഗാള്‍ ഇത് താന്‍ സംവിധാനം ചെയ്യാനായി ഒരുക്കിയ കഥയാണെന്ന് മനസിലാക്കി നിരാശയോടെ ആ ശ്രമം ഉപേക്ഷിയ്ക്കുന്നു. (അന്നു തന്നെ ഇതേക്കുറിച്ച് ഡിഗാള്‍ എന്നോട് പറഞ്ഞിരുന്നു) താന്‍ എഴുതിവച്ച ‘കണ്‍മണി അന്‍പോട് കാതലന്‍’ അടക്കം പ്രധാനസീനുകള്‍ മറ്റൊരാളുടെ സിനിമയില്‍ കണ്ട ഡിഗാളിന് ഒരു കാര്യം വ്യക്തമായി; എവിടെയോ എന്തോ ഒരു വശപ്പിശക്. പക്ഷെ കാര്യമില്ല… പൊതു ഇടത്തില്‍ വന്ന ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കി ആര്‍ക്കും ചെയ്യാവുന്ന സിനിമയാണ് ഇത്. അതിനാല്‍ത്തന്നെ ഡിഗാള്‍ നിശബ്ദനായി.

മഞ്ഞുമ്മല്‍ ബോയ്‌സ് ചരിത്രവിജയം നേടി മുന്നേറുന്നതിനിടെ രണ്ടു മാസം മുന്‍പ് കൊല്ലം ബസ് സ്റ്റാന്‍ഡിന് സമീപം തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയ ആസിഫ് അലിയെ വീണ്ടും കണ്ട ഡിഗാള്‍ പഴയ കഥയെക്കുറിച്ച് സംസാരിയ്ക്കുന്നു. താന്‍ കൈവിട്ടുകളഞ്ഞ സിനിമയാണ് മഞ്ഞുമ്മല്‍ എന്ന് അപ്പോഴാണ് ആസിഫ് ഓര്‍ത്തെടുക്കുന്നത്. സാരമില്ല, നമുക്ക് മറ്റൊരു സിനിമ ചെയ്യാം എന്ന ആസിഫിന്റെ ആശ്വാസവാക്കുകളില്‍ പ്രതീക്ഷയോടെ ഡിഗാള്‍ തന്റെ ആദ്യസിനിമയുടെ സ്വപ്നങ്ങളും പേറി യാത്ര തുടരുന്നു…
ചിത്രങ്ങള്‍: ഡിഗാളിന്റെ സ്‌ക്രിപ്റ്റിന്റെ ചില ഭാഗങ്ങളും പത്രങ്ങളുടെ കോപ്പിയും റോഷന്‍ മാത്യുവിന് അയച്ച മെയിലിന്റെ സ്‌ക്രീന്‍ഷോട്ടും.

No description available.