ഇളയരാജയ്ക്ക് രണ്ട് കോടിയില്ല പകരം 60 ലക്ഷം; 'കണ്‍മണി അന്‍പോട്' തര്‍ക്കം അവസാനിപ്പിച്ച് 'മഞ്ഞുമ്മല്‍' നിര്‍മ്മാതാക്കള്‍

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ ചിത്രത്തില്‍ ‘ഗുണ’ സിനിമയിലെ ‘കണ്‍മണി അന്‍പോട്’ എന്ന ഗാനം ഉപയോഗിച്ചതിന്റെ പേരില്‍ നടന്ന വിവാദം ഒത്തു തീര്‍പ്പാക്കി. സിനിമയില്‍ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ സംഗീതസംവിധായകന്‍ ഇളയരാജ രംഗത്തെത്തിയിരുന്നു. മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നല്‍കി.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരമായി 60 ലക്ഷം രൂപ ഇളയരാജയ്ക്ക് നല്‍കി എന്നാണ് റിപ്പോര്‍ട്ടുകള്‍. തന്റെ അനുമതിയില്ലാതെ സിനിമയില്‍ കണ്‍മണി അന്‍പോട് ഗാനം ഉപയോഗിച്ചു എന്ന് ആരോപിച്ച് മെയ് മാസത്തില്‍ ആയിരുന്നു ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചത്.

രണ്ട് കോടി രൂപയായിരുന്നു നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എന്നാല്‍ കേസ് ഒത്തു തീര്‍പ്പാക്കി 60 ലക്ഷം രൂപയാണ് ഇളയരാജയക്ക് മഞ്ഞുമ്മല്‍ നിര്‍മ്മാതാക്കള്‍ നല്‍കിയത്. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരുടെ ഉടമസ്ഥതിയിലുള്ള പറവ ഫിലിംസാണ് മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മ്മാതാക്കള്‍.

1991ല്‍ സന്താന ഭാരതിയുടെ സംവിധാനത്തില്‍ എത്തിയ കമല്‍ ഹാസന്‍ ചിത്രം ഗുണയ്ക്കായി ഇളയരാജ ഒരുക്കിയ ഗാനമാണ് കണ്‍മണി അന്‍പോട്. ഗുണ കേവ് പശ്ചാത്തലമാകുന്നു മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഈ ഗാനം ഉപയോഗിച്ചതോടെ തമിഴ്‌നാട്ടിലും സിനിമയ്ക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.