മാത്യുവിന് നായിക ഈച്ച; രാജമൗലിയുടെ 'ഈഗ'യ്ക്ക് ശേഷം മലയാളത്തില്‍ എത്തുന്നു മറ്റൊരു ഈച്ച

മാത്യു തോമസ് നായകനാകുന്ന ചിത്രത്തില്‍ നായികയായി ഈച്ച എത്തുന്നു. ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം ‘ലൗലി’ ആണ് തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്. ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ത്രീഡിയിലാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തില്‍ ആനിമേറ്റഡ് ക്യാരക്ടറായെത്തുന്ന ഈച്ചയുടെ സീനുകള്‍ക്ക് 45 മിനിറ്റോളം ദൈര്‍ഘ്യമുണ്ട്. 51 ദിവസമാണ് സിനിമയുടെ ഷൂട്ടിംഗിനായി എടുത്തത്. 400 ദിവസത്തിലേറെയായുള്ള സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുകള്‍ നടന്നുവരികയാണ്. അടുത്ത വര്‍ഷം ജനുവരിയിലാകും സിനിമ തിയേറ്ററുകളില്‍ എത്തുക.

ലൗലിയില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് നടി ഉണ്ണിമായ പ്രസാദാണ്. സെമി ഫാന്റസി ഴോണറിലെത്തുന്ന ചിത്രം നിര്‍മിക്കുന്നത് വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിന്റെയും നേനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ശരണ്യ സി നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ്.

മനോജ് കെ ജയന്‍, ഉണ്ണിമായ, കെപിഎസി ലീല എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്.