അവന്‍ ഞങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റി; 'ജൂനിയര്‍ ചിരു'വിന്റെ പേര് വെളിപ്പെടുത്തി മേഘ്‌നയുടെ കുടുംബം

ഒക്ടോബര്‍ 22ന് ആയിരുന്നു മേഘ്‌ന രാജിന് ആണ്‍കുഞ്ഞ് പിറന്നത്. ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തില്‍ സന്തോഷം നിറച്ചാണ് ജൂനിയര്‍ ചിരു എത്തിയത്. മേഘ്‌നയുടെയും ചിരഞ്ജീവിയുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്ന തീയതിയില്‍ ജനിച്ച കുഞ്ഞിനെ ചിരഞ്ജീവിയുടെ പുനര്‍ജന്മമാണെന്നും കുടുംബം വിശേഷിപ്പിച്ചു.

മേഘ്‌നയുടെ കണ്‍മണിക്ക് പേരിട്ടിരിക്കുകയാണ് കുടുംബം. ചിരുവിന്റെ മകനെ ചിന്റു എന്ന് വിളിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് മേഘ്‌നയുടെ അച്ഛന്‍ സുന്ദര്‍ രാജ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. അവന്‍ തങ്ങളുടെ ചിന്തകളും വേവലാതികളും അകറ്റുന്നവനാണ്, അതുകൊണ്ടാണ് ചിന്റു എന്ന പേര് തിരഞ്ഞെടുത്തത്.

തങ്ങള്‍ ഇപ്പോള്‍ ഒരുപാട് സന്തോഷത്തിലാണ്, ഉടനെ തന്നെ ഗംഭീരമായ പേരിടല്‍ ചടങ്ങും നടത്തും. അതിനുശേഷം ഔദ്യോഗികമായ പേര് വെളിപ്പെടുത്തും. അവനെ കാണുമ്പോഴേല്ലാം ചിരുവിനെ ഓര്‍മ വരും. മൂക്ക് പോലും ചിരുവിന്റേത് പോലെയാണ്. കുഞ്ഞ് ചിന്റു ഞങ്ങളുടെയെല്ലാം ജീവിതത്തിലേക്ക് സന്തോഷവുമായാണ് വന്നത് എന്ന് സുന്ദര്‍ രാജ് പറഞ്ഞു.

Read more

മേഘ്ന നാലു മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വിയോഗം. ചിരുവിന്റെ വേര്‍പാടിന് ശേഷം മേഘ്നയ്ക്ക് പൂര്‍ണ പിന്തുണയുമായി ചിരഞ്ജീവിയുടെ കുടുംബം താരത്തിനൊപ്പം ഉണ്ടായിരുന്നു.