അവാര്‍ഡ് നേടിക്കൊടുത്ത സംവിധായകനൊപ്പം മേഘ്‌ന വീണ്ടും; പുതിയ സിനിമ പ്രഖ്യാപിച്ച് താരം

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം നടി മേഘ്‌ന രാജ് വീണ്ടും സിനിമയിലേക്ക്. മേഘ്‌ന തന്നെയാണ് താന്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്ന വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കന്തരാജ് കണല്ലി സംവിധാനം ചെയ്യുന്ന ‘ശബ്ദ’ എന്ന ചിത്രത്തില്‍ മേഘ്‌ന നായികയാകും.

മേഘ്‌നയ്ക്ക് കര്‍ണാടക സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് കന്തരാജ് കണല്ലി. രണ്ടാമതും കന്തരാജ് കണല്ലിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവച്ചാണ് മേഘ്‌നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

”എന്റെ പുതിയ ചിത്രമായ ‘ശബ്ദ’ പ്രഖ്യാപിക്കുന്നു. ഇതേ ടീമിനൊപ്പമുള്ള സിനിമയായ ‘ഇരുവുഡെല്ലവ ബിട്ടു’ എന്നെ സംസ്ഥാന അവാര്‍ഡിന് അര്‍ഹയാക്കിയിരിക്കുന്നു. രണ്ടാം തവണയും ഞാന്‍ കന്തരാജ് കണ്ണല്ലിയുടെ ഒപ്പം പ്രവര്‍ത്തിക്കുകയാണ്. എല്ലാവരുടെയും പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി” എന്നാണ് മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Meghana Raj Sarja (@megsraj)

‘ബെണ്‍ഡു അപ്പാരൊ ആര്‍.എം.പി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മേഘ്‌ന സിനിമയില്‍ എത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും ആണ് താരത്തിന്റെ ആദ്യ മലയാള ചിത്രം. ബ്യൂട്ടിഫുള്‍, മെമ്മറീസ്, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

Read more

മേഘ്‌ന നാലു മാസം ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതിനു പിന്നാലെ വന്‍ പിന്തുണയും സ്‌നേഹവുമാണ് മേഘ്‌നയ്ക്ക് ലഭിച്ചത്. റയാന്‍ രാജ് സര്‍ജ എന്നാണ് മകന്റെ പേര്.