ഐ.എം വിജയന്‍ നായകനാകുന്ന ചിത്രം ഓസ്കര്‍ ചുരുക്കപ്പട്ടികയില്‍

കുറുമ്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ സിനിമ “മ് മ് മ്…” (സൗണ്ട് ഓഫ് പെയിന്‍) ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍. വിജീഷ് മണി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഐ.എം വിജയന്‍ ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്. സംവിധായകന്‍ സോഹന്‍ റോയ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

തേന്‍ ശേഖരണം ഉപജീവനമാര്‍ഗമാക്കിയ കുറുമ്പ ഗോത്രത്തില്‍ പെട്ട ഒരു കുടുംബനാഥന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ജുബൈര്‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. പ്രകാശ് വാടിക്കല്‍ തിരക്കഥ.

ഗ്രാമി അവാർഡ് ജേതാവായ അമേരിക്കന്‍ സംഗീതപ്രതിഭ എഡോണ് മോള, അയ്യപ്പനും കോശിയും ഫെയിം നഞ്ചമ്മ എന്നിവരാണ് ചിത്രത്തിന് ഗാനങ്ങള്‍ ഒരുക്കുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത്. ആര്‍ മോഹന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.

ശ്രീകാന്ത് ദേവ ആണ് പശ്ചാത്തലസംഗീതം. പളനിസാമി, തങ്കരാജ്, വിപിന്‍ മണി, ആദര്‍ശ് രാജ്, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഈ വര്‍ഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയറാമിനെ നായകനാക്കി നമോ എന്ന സംസ്‌കൃത ചിത്രം ഒരുക്കിയ സംവിധായകനാണ് വിജീഷ് മണി.