38 വര്‍ഷത്തിന് ശേഷം കുടജാദ്രി സന്ദര്‍ശിച്ച് മോഹന്‍ലാല്‍. എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആര്‍ രാമാനന്ദ് ആണ് കുടജാദ്രിയില്‍ പോയ വിശേഷം പങ്കുവച്ച് എത്തിയത്. സാഹസികമായ യാത്രയെ കുറിച്ചുള്ള കുറിപ്പും ചിത്രങ്ങളും രാമാനന്ദ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. യാത്ര കഴിഞ്ഞപ്പോള്‍ ദേഹം മുഴുവന്‍ മുറിവകളുണ്ടായിരുന്നു. ലാലേട്ടന്റെ വിരല്‍ കീറി നന്നായി രക്തം വരുന്നത് കണ്ടിരുന്നു. ചണ്ഡികഹോമത്തിന് ശേഷം ഋഷഭ് ഷെട്ടിയും ഭാര്യയും അദ്ദേഹത്തെ കാണാന്‍ വന്നിരുന്നു എന്നാണ് കുറിപ്പില്‍ രാമാനന്ദ് പറയുന്നത്.
ആര്‍ രാമാനന്ദിന്റെ കുറിപ്പ്:
വര്‍ഷങ്ങള്‍ക്കു ശേഷം കുടജാദ്രിയില്‍ ഒരു രാത്രി… 38 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്തുക്കുട്ടി സ്വാമിയുടെ കൈപിടിച്ച് ലാലേട്ടന്‍ കുടജാദ്രി കയറിയിട്ടുണ്ട്, ചിത്രമൂലയില്‍ പോയിട്ടുണ്ട്, രാത്രി മലമുകളില്‍ അന്തിയുറങ്ങിയിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ചന്തുക്കുട്ടി സ്വാമിയും ഒന്നിച്ചുള്ള യാത്രാനുഭവം ലാലേട്ടന്‍ എഴുതിയത് ഞാന്‍ വായിക്കുന്നത്, എന്റെ ജീവിതത്തില്‍ അവിസ്മരണീയമായ ഒരു മുദ്രപതിപ്പിച്ച യാത്രാവിവരണം ആയിരുന്നു അത്. പിന്നീട് പലതവണ ഞാന്‍ കുടജാദ്രി താഴ്വരയില്‍ നിന്ന് തന്നെ നടന്നു കയറിയിട്ടുണ്ട്, കുടജാദ്രിയുടെ കനിവായിരുന്ന തങ്കപ്പന്‍ ചേട്ടന്റെ കടയില്‍ നിന്ന് പുട്ടും കടലയും കഴിച്ചിട്ടുണ്ട്. ഓരോ യാത്രയിലും ചന്തുക്കുട്ടി സ്വാമി ലാലേട്ടനെ കൊണ്ടുപോയ ആ അനുഭവം ഞാന്‍ ഓര്‍ക്കും.
ഇത്തവണ വളരെ ആകസ്മികമായി ആ അനുഭവം ലഭിക്കുവാനുള്ള ഭാഗ്യമുണ്ടായി. പരയുടെ കൃപ എന്നല്ലാതെ ഒന്നും വിശേഷിപ്പിക്കാന്‍ ഇല്ലാത്ത ഒരനുഭവം. കഴിഞ്ഞ മാസം തിരുവണ്ണാമലയില്‍ ഒരുമിച്ച് യാത്ര പോയപ്പോള്‍ ഒന്നും തീരുമാനിക്കാതിരുന്ന ഒരു യാത്രയാണ് മൂകാംബിക യാത്ര. എല്ലാ യാത്രകളും അങ്ങനെതന്നെ നമ്മള്‍ തീരുമാനിക്കുന്നത് അല്ലല്ലോ അവിടെനിന്ന് തീരുമാനിക്കപ്പെടുന്നതാണല്ലോ. ഞങ്ങള്‍ മൂകാംബികയില്‍ പോകാമെന്ന് ആഗ്രഹിച്ചു, വന്നോളൂ എന്ന് അമ്മ പറഞ്ഞു, പോയി, അത്രമാത്രം.
ഞങ്ങള്‍ ഒന്നിച്ച് പതിനാറാം തീയതി ഉച്ചയ്ക്ക് കൊല്ലൂരില്‍ എത്തി. സാധനാ വഴിയില്‍ ഏറെ മുന്നോട്ടുപോകുന്ന ഗുരു സ്ഥാനിയരും കൊല്ലൂരിലെ സുഹൃത്തുക്കളും മസ്തിഘട്ടില്‍ ഞങ്ങളെയും കാത്തിരിപ്പുണ്ടായിരുന്നു. കാടിന്റെ പൊരുളും, അരുളും, വിസ്മയവും വനാംബികയായി അമ്മ ഇരുന്നരുളുന്ന വനസ്ഥലി. അവിടെ ഇറങ്ങി ഞങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം അംബാ വനത്തിന്റെ കാവല്‍ക്കാരിക്ക് മുന്നില്‍ കൈകൂപ്പി മുന്നോട്ട്. ഗരുഡന്‍ അഥവാ സുപര്‍ണന്‍ തപസ്സിരുന്ന ഗരുഡഗുഹ കണ്ടു സുപര്‍ണ്ണനെ കൊണ്ട് സൗപര്‍ണികയായി തീര്‍ന്ന ആ പുണ്യ നദിയുടെ ആരവം കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
അവിടെനിന്ന് നേരെ അമ്മാ ഗസ്റ്റ് ഹൗസിലേക്ക് ; ഭക്ഷണം കഴിച്ചു അല്പസമയം വിശ്രമിച്ചു. കുടജാദ്രി കേറുവാനുള്ള ജീപ്പ് തയ്യാറായി. ഒരു കൈ സഞ്ചിയില്‍ കൊള്ളാവുന്ന സാധനങ്ങള്‍ എടുത്ത് കുടജാദ്രിയിലേക്ക്..
ജീപ്പ് വന്ന് നിര്‍ത്തിയപ്പോള്‍ ‘ലാലേട്ടന്‍ മുന്നില്‍ കയറു’, എന്നെല്ലാവരും പറഞ്ഞു, ഞാന്‍ ഒഴികെ. കാരണം ഇത്തരം യാത്രകളില്‍ അദ്ദേഹം പുലര്‍ത്തി പോരുന്ന അസാമാന്യമായ എളിമയുടെ അനുഭവങ്ങള്‍ പലതവണ എനിക്കുണ്ടായിട്ടുണ്ട്. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ , അദ്ദേഹം അവരോട് പറഞ്ഞു ‘അപ്പുവിന്റെ അച്ഛനാണ് ഞാന്‍’ എന്ന് ! ഫ്‌ലാഷ് ബാക്ക്: ഭക്ഷണം കഴിക്കുമ്പോള്‍ പ്രണവ് നടത്തുന്ന സാഹസിക യാത്രകളെ കുറിച്ചും മറ്റും വിസ്മയത്തോടെ കൂടിയിരുന്ന പലരും സംസാരിച്ചതിന്റെ ബാക്കിയായിരുന്നു ഈ ഉത്തരം.
അതില്‍ ഉണ്ടായിരുന്നു എല്ലാം..
ജീപ്പില്‍ കയറി കുലുങ്ങി കുലുങ്ങി അംബികയുടെ മൂലസ്ഥാനത്തിലേക്ക്… ജീപ്പില്‍ പോയവര്‍ക്കറിയാം ആ യാത്ര എത്ര ക്ലേശകരമാണ് എന്ന്. പക്ഷേ താഴെ മുതല്‍ മുകളില്‍ എത്തുന്നതുവരെ ഞങ്ങള്‍ ആ യാത്രയെക്കുറിച്ച് ചിന്തിച്ചതേയില്ല.. കാടും പ്രകൃതിയും അംബികയും പിന്നെ ഒരുപാട് തമാശകളും പറഞ്ഞ് നിറഞ്ഞ ഒരു യാത്ര.. പ്രകൃതിശ്വരി കൗള മാര്‍ഗ്ഗത്തില്‍ പൂജകള്‍ ഏറ്റുവാങ്ങുന്ന കുടജാദ്രിയുടെ മുകള്‍ത്തട്ട്. അവളുടെ നിത്യ കാമുകനായ കാലഭൈരവന്റെ സന്നിധി. മൂകാസുര വധത്തിന് അമ്മ ഉപയോഗിച്ചത് എന്നു പറയപ്പെടുന്ന ശാസ്ത്രത്തിന് അത്ഭുതമായ തുരുമ്പ് പിടിക്കാത്ത ഇരുമ്പിന്റെ ശൂലം, നമ്മുടെ വിസ്മയകരമായ ലോഹവിദ്യയുടെ നിദര്‍ശനം.
മലയാളികളും അല്ലാത്തവരും ലാലേട്ടനെ തിരിച്ചറിഞ്ഞ് ഫോട്ടോ എടുക്കുവാനുള്ള ബഹളം. ആള്‍ക്കൂട്ടത്തില്‍ തനിച്ച് എന്നപോലെ ഹൃദയം അമ്മയില്‍ അര്‍പ്പിച്ച് നമ്രമായി അവര്‍ക്കിടയിലൂടെ ലാലേട്ടനും. ഞങ്ങള്‍ മുകളിലേക്ക് കയറിത്തുടങ്ങി, എല്ലാവരും പോകുന്ന പാത വിട്ടു, അദ്രിയുടെ കൊടുമുടിയിലേക്ക് ഇന്നാരും പോകാത്ത പരമ്പരാഗത പാതയിലേക്ക് ഞങ്ങള്‍ വഴിതിരിഞ്ഞു, കൊടുംകാട്. ഞാന്‍ ഇതിലെ പോയിട്ടുണ്ട് ചന്തുക്കുട്ടി സ്വാമി ഇതിലെയാണ് കൊണ്ടുപോയത് എന്ന് ലാലേട്ടന്‍. ഞങ്ങള്‍ അഗസ്ത്യ തീര്‍ത്ഥം ലക്ഷ്യമാക്കി നടന്നു, ദൂരെയെങ്ങോ നീരൊഴുക്കിന്റെ ശബ്ദം കേള്‍ക്കാം. കാട്ടില്‍ പലവട്ടം വഴിതെറ്റി. നേരമിരുണ്ട് തുടങ്ങി. ഇനി വഴി കാണല്‍ ശ്രമകരമാണ്. ആരും പോകാത്ത വഴി ആയതിനാല്‍ മുന്നില്‍ സഞ്ചരിച്ച സുഹൃത്തുക്കള്‍ വഴി വെട്ടി അത് പിന്തുടര്‍ന്നാണ് ഞങ്ങള്‍ സഞ്ചരിച്ചത്. ചിലയിടങ്ങളില്‍ വള്ളിയില്‍ തൂങ്ങിയും മറ്റും ഇറങ്ങേണ്ടതായി വന്നു.
ആയാസകരവും അനിശ്ചിതത്വം നിറഞ്ഞതുമായ നിമിഷങ്ങള്‍. ഇടയ്ക്ക് വച്ച് ഞാന്‍ ചോദിച്ചു ഇന്ന് ഈ കാട്ടില്‍പ്പെട്ട് പോയാല്‍ നമ്മള്‍ എന്തു ചെയ്യും ? ഞാന്‍ ഒരിക്കല്‍ ഇതേ കാട്ടില്‍ ഇതേ വഴിയില്‍ ഇതുപോലെ തെറ്റി ഒരു രാപാര്‍ത്തിട്ടുണ്ട്. ലാലേട്ടന്‍ പറഞ്ഞു, വരുന്നതുപോലെ വരട്ടെ നമുക്ക് ഇവിടെ കിടക്കാം, കൊടുങ്കാട്ടില്‍ വഴിതെറ്റിയതിന്റെ പരിഭ്രമമോ ആശങ്കയോ ഒന്നും ആ യാത്രയില്‍ അദ്ദേഹം പ്രകടിപ്പിച്ചില്ല. ഒടുവില്‍ സിദ്ധയോഗരാജന്‍ ശ്രീമദ് അഗസ്‌ത്യേശ്വരന്റെ ദിവ്യ തീര്‍ത്ഥം ഞങ്ങള്‍ക്ക് മുന്നില്‍ തെളിഞ്ഞു വന്നു. ആവോളം അതില്‍ നിന്ന് വെള്ളം കുടിച്ചു. മുഖം കഴുകി. വനാന്തര്‍ഭാഗത്തെ ആ തീര്‍ത്ഥ സ്ഥാനത്ത് ഇനി ഒരുപാട് ദൂരം നടക്കുവാന്‍ ഉണ്ടെന്നോ ഒന്നും ചിന്തിക്കാതെ, എല്ലാ ലക്ഷ്യവുമറ്റു പരയുടെ കൃപ നുകര്‍ന്ന് അല്പനേരം…
അല്പം മുകളിലേക്ക് സഞ്ചരിച്ചാല്‍ ആണ് ഗണപതി ഗുഹ എന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം, ഏതാണ്ട് ഈ ഭാഗത്തായിരിക്കുമെന്ന് 38 വര്‍ഷം പിറകിലെ ഓര്‍മ്മ പുതുക്കി ലാലേട്ടനും പറയുന്നു. ശരിയാണ് അല്പം മുകളിലാണ് ഗണപതിയുടെ ഗുഹ. ഞങ്ങള്‍ കാടുകയറി, കുന്നുകയറി ആ ദിവ്യസ്ഥാനത്തെത്തി. വിളക്കുകൊളുത്തി, അവില്‍മലര്‍ നിവേദ്യം അര്‍പ്പിച്ചു, തേങ്ങയുടച്ചു, വിഘ്‌നേശ്വരനെ തൊഴുതു…മുകളിലേക്ക്… പരമ്പരാഗതപാത വിട്ടു സര്‍വ്വജ്ഞ പീഠത്തിലേക്കുള്ള പാതയില്‍ പ്രവേശിച്ചു. നേരം സാമാന്യത്തില്‍ അധികം ഇരുണ്ടു തുടങ്ങി. ആറുമണിക്ക് മുന്നേ സന്ദര്‍ശകര്‍ സര്‍വ്വജ്ഞ പീഠത്തില്‍ നിന്ന് ഇറങ്ങേണ്ടതിനാല്‍ ആ പാതയില്‍ ഞങ്ങള്‍ മാത്രം. സാന്ധ്യശോഭയേറ്റ് തിളങ്ങുന്ന ശ്രീശങ്കരന്റെ ആ കൃഷ്ണശിലാഹര്‍മ്യം വിദൂരത്തില്‍ ദൃശ്യമായി..
താഴ്വാരത്തിലേക്ക് കണ്‍പാര്‍ക്കുമ്പോള്‍ വെളുത്ത പഞ്ഞിതുണ്ടുകള്‍ ചിക്കി കൂട്ടിയിട്ടിരിക്കുന്നത് പോലെ വെണ്‍മേഘങ്ങളുടെ കൂട്ടം… ഒരു നിമിഷം ഉള്ളില്‍ ഞാനൊരു പറവ ആയില്ലല്ലോ എന്ന നഷ്ടബോധം അങ്കുരിക്കുന്ന നിമിഷം. വിണ്ണില്‍ പറക്കുവാന്‍ സാധിച്ചില്ലെങ്കിലും ചിദാകാശ സീമയില്‍ പറക്കുവാന്‍ സാധിക്കുന്ന ഒരു പറവ ആക്കണെ എന്ന പ്രാര്‍ത്ഥന നിറയുന്ന നിമിഷം. അവിടെ ഇരുന്ന് കുറച്ച് ചിത്രങ്ങള്‍ എടുത്തു , ഓര്‍മ്മകള്‍ ഇന്ന് വാങ്മയ ചിത്രങ്ങള്‍ മാത്രമല്ലല്ലോ. പകല്‍വെളിച്ചം ഏതാണ്ട് പൂര്‍ണ്ണമായി അസ്തമിച്ചു, ചിത്രമൂലയിലേക്ക് ഇറങ്ങല്‍ ഇനി അസാധ്യമാണ്, കുറച്ചുനാളായി സിദ്ധര്‍മൂലയായ ചിത്രമൂലയിലേക്കുള്ള പ്രവേശനം വനംവകുപ്പ് നിര്‍ത്തിവച്ചിരിക്കുകയാണ്. അതുകൊണ്ട് ആരും സഞ്ചരിക്കാത്ത വഴി ദുര്‍ഘടം ആയിരിക്കുമെന്ന് അറിയാം. സര്‍വ്വജ്ഞപീഠം മാനത്ത് നിറയെ താരങ്ങള്‍ക്കൊപ്പം ചന്ദ്രക്കലയണിഞ്ഞ് നില്‍ക്കുന്ന ശ്രീശങ്കര പെരുമാളിന്റെ ശിരസ്സ് പോലെ തോന്നിച്ചു. ഗര്‍ഭഗൃഹത്തില്‍ ഏകാന്തനായി ധ്യാനിയായി ആദിശങ്കരന്‍. ഞങ്ങള്‍ വിളക്ക് കൊളുത്തി നിവേദ്യങ്ങള്‍ അര്‍പ്പിച്ചു ധൂപാര്‍ച്ചനയും ചെയ്തു. കണ്ണടച്ചു. ധ്യാന നിമിഷങ്ങളുടെ അവാച്യമായ അനുഭൂതി…
ചൂളം കുത്തുന്ന കാറ്റ് അനാഹതധ്വനി പോലെ ഇടവും തടവും ഇല്ലാതെ അകമേ സഞ്ചരിക്കുന്ന പ്രാണനൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. മനസ്സ് ശ്രീശങ്കര ഗുരു സന്നിധിയില്‍ നിശ്ചലം നിര്‍മ്മലം.. ശ്രീരാമനവമിയുടെ പുണ്യതിഥിയില്‍ തന്നെ താരയുടെ പുണ്യതിഥിയും. എപ്പോഴും പരസ്പരം കാണുമ്പോള്‍ ദശമഹാവിദ്യകളെ കുറിച്ച് സംസാരിക്കുമ്പോള്‍ വാതോരാതെ ഞങ്ങള്‍ ഇരുവരും സംസാരിക്കുന്നത് അവളെക്കുറിച്ച് മാത്രമാണ്. ഈ വിശ്വത്തിന്റെ അമ്മയെക്കുറിച്ച് താരയെ കുറിച്ച്.. രണ്ടുവര്‍ഷം മുമ്പ് കാമാഖ്യയില്‍ നിന്ന് വരുന്ന വഴി മഹാമന്ത്രവാദത്തിന്റെ മകുടം എന്നറിയപ്പെടുന്ന മായോങ്ങില്‍ വച്ച് ഞങ്ങള്‍ താരയെ കണ്ടു. അവളെ കുറിച്ച് ധാരാളം സംസാരിച്ചു. അതൊരു ചിത്രം ആക്കിയാലോ എന്ന ചിന്ത വിരിഞ്ഞു ഉടനെ വിശ്വേട്ടനെ (വിശ്വനാഥന്‍ വൈക്കം ) വിളിച്ച് ഏല്‍പ്പിച്ചു. ആ ചിത്രം ഈ പുണ്യതിഥിയില്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഞങ്ങള്‍ അവിടെയിരുന്ന് വിശ്വേട്ടനെ വിളിച്ചു. ഈ ദിനത്തില്‍ ആ പുണ്യസങ്കേതത്തില്‍ ഇരിക്കുവാന്‍ ലഭിച്ച ഭാഗ്യം സുകൃതം എന്ന് അദ്ദേഹം പ്രതിവചിച്ചു. ലാലേട്ടന്റെ അടുത്ത് വിശ്വേട്ടന്റെ ഒരുപാട് ചിത്രങ്ങള്‍ ഉണ്ട് , വിസ്മയകരങ്ങളായ ചിത്രങ്ങള്‍ അതിലേക്ക് താരാംബിക ഉടനെ കടന്നുവരും..
ആ രാത്രി സര്‍വ്വജ്ഞപീഠത്തില്‍ നിന്ന് ഞങ്ങള്‍ നാട്ടുവെളിച്ചം നോക്കി താഴോട്ട് ഇറങ്ങി. താഴെ യോഗിയുടെ വീട്ടില്‍ വന്നു നന്നായി ഭക്ഷണം കഴിച്ചു. പഴയ ഒരുപാട് പേരെ കുറിച്ച് ലാലേട്ടന്‍ അവരോട് ചോദിച്ചു. അവര്‍ക്ക് ഓര്‍മ്മയുണ്ട് ലാലേട്ടന്‍ വന്ന കാര്യം, അവരന്ന് കുട്ടികളാണ്. കുടജാദ്രിയിലും മൂകാംബികയിലും ഉണ്ടായിരുന്ന ഒരുപാട് പഴയ ആളുകളെ കുറിച്ച് ലാലേട്ടന്‍ ചോദിക്കുന്നത് ഞാന്‍ വിസ്മയത്തോടെയാണ് കേട്ടത്, എത്ര പേരെ കാണുന്നതായിരിക്കും എങ്ങനെ ഇവരെയെല്ലാം ഓര്‍ക്കുന്നു? ഇറങ്ങുന്ന വഴി ബുദ്ധിമുട്ട് ആകേണ്ട എന്ന് കരുതി ബാഗ് ആരെങ്കിലും പിടിക്കാം എന്ന് പറഞ്ഞപ്പോള്‍ വേണ്ട എന്റെ പ്രാരാബ്ധം ഞാന്‍ തന്നെ ചുമന്നു കൊള്ളാം എന്നുപറഞ്ഞ് ആ യാത്രയില്‍ മുഴുവന്‍ ഭാരവും താങ്ങി നടന്നു വിസ്മയിപ്പിച്ചു ലാലേട്ടന്‍. ഓരോ യാത്ര കഴിയുമ്പോഴും അറിഞ്ഞ ലാലേട്ടനെക്കാള്‍ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടന്‍ എന്നാണ് എനിക്ക് തോന്നാറ്.
അര്‍ദ്ധരാത്രിയോടെ ഞങ്ങള്‍ ഗസ്റ്റ് ഹൗസില്‍ തിരിച്ചെത്തി. രണ്ടുപേരുടെയും ശരീരത്തില്‍ മുള്ള് കൊണ്ടതും കീറിയതും, പോറിയതുമായ പാടുകള്‍. ലാലേട്ടന്റെ ഒരു കൈവിരല്‍ മുള്ളുകൊണ്ട് കീറി സമാന്യം നന്നായി രക്തം വരുന്നത് ഞാന്‍ കണ്ടിരുന്നു. ദുര്‍ഘടമായ യാത്രയുടെ ക്ഷീണം കൊണ്ട് കണ്ണു മുഴുവന്‍ അടയ്ക്കുന്നതിനു മുമ്പേ ഞങ്ങള്‍ ഉറക്കത്തിലേക്ക് വഴുതി വീണു. പിറ്റേന്ന് എഴുന്നേറ്റ് ചണ്ഡികാ ഹോമത്തിന് ചെന്നു മൂകാംബിക ക്ഷേത്ര മുഖ്യഅര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗ വേണ്ട എല്ലാ കാര്യങ്ങളും ചെയ്തിരുന്നു , അദ്ദേഹവും അദ്ദേഹത്തിന്റെ അച്ഛന്‍ നരസിംഹ അഡിഗയും ചേര്‍ന്ന് ചണ്ഡികാപൂജയുടെ എല്ലാ ഒരുക്കങ്ങളും നടത്തി. ഞങ്ങള്‍ ദീപാലങ്കാരം കാണുവാന്‍ മൂകാംബികയുടെ മുന്നിലേക്ക്; അമ്മ നീലപ്പട്ടണിഞ്ഞ് നീലി എന്ന്, താര എന്ന് പറയാതെ പറഞ്ഞ് ദര്‍ശനം നല്‍കിയ നിമിഷങ്ങള്‍, സോപാനപടിയുടെ രണ്ട് ഭാഗത്ത് നിന്ന് ഞങ്ങള്‍ പരസ്പരം കണ്ണു ചിമ്മി..
ചണ്ഡികഹോമത്തിനുശേഷം ഗസ്റ്റ് ഹൗസിലേക്ക്, കാന്താരയിലൂടെ നമ്മെ വിസ്മയിപ്പിച്ച ഋഷഭ് ഷെട്ടി അദ്ദേഹത്തിന്റെ ഭാര്യയും ഒന്നിച്ച് ലാലേട്ടനെ കാണുവാന്‍ വന്നിരുന്നു, ഒരുപാട് സമയം പല കഥകളും പറഞ്ഞിരുന്നു.. ഭക്ഷണം കഴിച്ചു. വിശ്രമിച്ചു. നേരെ മൂടാടി അമ്മയെ കാണുവാന്‍, പ്രകൃതിയാണ് ഈശ്വരി എന്ന തത്വം അന്വര്‍ത്ഥമാക്കും വിധം അമ്മയുടെ സിംഹവാഹനം കൊടുങ്കാട്ടിലേക്ക് നോക്കി നില്‍ക്കുന്ന മധുതീര്‍ത്ഥം. അവിടെനിന്ന് മൂകാംബികയുടെ ഭൈരവന്‍ ആയ സിദ്ധേശ്വരനെ കാണുവാന്‍ ശുക്ല തീര്‍ത്ഥത്തിലേക്ക്. മസ്തിഘട്ടില്‍ വച്ച് സുഹൃത്തുക്കളോടും ഗുരുസ്ഥാനിയരോടും യാത്രാമൊഴി പറഞ്ഞു. അവിടെ നിന്നും നേരെ മംഗലാപുരത്തേക്ക് യാത്രകള്‍ അവസാനിക്കുന്നില്ല ഒരു യാത്രയുടെ അവസാനം മറ്റൊരു യാത്രയുടെ തുടക്കം പോലെ.. ശ്രീനാരായണ ഗുരുദേവന്‍ പരയുടെ പാലു നുകര്‍ന്ന ഭാഗ്യവാന്‍മാര്‍ക്ക് പതിനായിരമാണ്ടോരല്പനേരം എന്നു പറഞ്ഞതുപോലെ ഒരു നൊടി മാത്രം എന്ന് തോന്നിയ ഈ മനോഹര നിമിഷങ്ങള്‍ ഹൃദയത്തില്‍ നിറച്ചാര്‍ത്തു ചാര്‍ത്തി നില്‍ക്കുന്നു…