മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിനെതിരെ നടക്കുന്ന നെഗറ്റീവ് ക്യാംപെയന്‍ ചിലര്‍ മനപൂര്‍വ്വം ചെയ്യുന്നതാണെന്ന ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. മമ്മൂട്ടി ആരാധകരാണ് ചിത്രത്തിനെതിരെ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച് ചില മോഹന്‍ലാല്‍ ആരാധകരും രംഗത്ത് എത്തിയിരുന്നു.
മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വിമല്‍ കുമാറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. മമ്മൂട്ടിക്കുള്ള തുറന്ന കത്ത് എന്ന നിലയില്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിമല്‍ കുമാറിന്റെ പ്രതികരണം.
പോസ്റ്റ് വലിയ ചര്‍ച്ചയായതോടെ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിമല്‍. പോസ്റ്റില്‍ വെല്ലുവിളിയും ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി വിവാദമായതോടെയാണ് വിമല്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചത്. മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്ന നിലയിലായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.
വിമലിന്റെ ആദ്യ പോസ്റ്റ്:
മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാന്‍ പോകുന്ന വേളയില്‍, അതിന്റെ യാത്രാപഥങ്ങള്‍ എല്ലാവരും കൂടെ നില്‍ക്കേണ്ട സമയത്ത് ‘അങ്ങേ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍’ എന്ന് സ്വയം ചിന്തിക്കുന്ന ആള്‍ക്കാര്‍ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ മൗനം വെടിയണം. ഞങ്ങള്‍ക്ക് കഴിയും ചെളി വാരി എറിയാന്‍. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.
രണ്ടാമത്തെ പോസ്റ്റ്:
AKMFCWA എന്ന മോഹന്‍ലാല്‍ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാര്‍ എന്ന മഹാനായ കലാകാരന്‍ താല്‍പര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്‌നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാന്‍. ‘മമ്മൂട്ടി സാറിന് തുറന്ന കത്ത്’ എന്ന രീതിയില്‍ ഞാന്‍ എന്റെ മുഖപുസ്തകത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്‌നേഹവും ആദരവും തുടര്‍ന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല..