മോഹന്‍ലാല്‍ തന്നെയാണ് ടീമിന്റെ ഐക്കണ്‍, കേരള സ്‌ട്രൈക്കേഴ്‌സില്‍ അദ്ദേഹത്തിന് ഇപ്പോഴും പങ്കാളിത്തമുണ്ട്: ടീം ഉടമ രാജ്കുമാര്‍

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്നും മോഹന്‍ലാലും താരസംഘടനയായ ‘അമ്മ’യും പിന്മാറിയെന്ന് വ്യക്തമാക്കി അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തിയിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ ഇപ്പോഴും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടനും വ്യവസായിയുമായ രാജ്കുമാര്‍.

മോഹന്‍ലാല്‍ സാര്‍ ഇപ്പോഴും കേരള സ്‌ട്രൈക്കേഴ്‌സിന്റെ ഉടമയാണ്. മോഹന്‍ലാല്‍, ലിസി, ഷാജി എന്നിവരാണ് ടീം ആരംഭിച്ചത്. താന്‍ ലിസിയുടെ ഓഹരിയാണ് വാങ്ങിയത്. മോഹന്‍ലാല്‍ സര്‍ ഇപ്പോഴും 20 ശതമാനം ഓഹരിയുടെ ഉടമയാണ്. മറ്റെയാള്‍ക്ക് 20 ശതമാനവും. ലാലേട്ടന്‍ ഇല്ലെന്ന് പറഞ്ഞാല്‍ തെറ്റാണ്.

ഇപ്പോഴും അദ്ദേഹവുമായി ബന്ധമുണ്ട്. ദുബായ്‌യില്‍ വച്ച് കണ്ടിരുന്നു. മത്സരം കാണാന്‍ വരാന്‍ ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല. ജയ്പൂരില്‍ എത്തിയാല്‍ വരാം എന്ന് പറഞ്ഞു. മത്സരത്തിന് മുന്നേ അദ്ദേഹം വിളിച്ചു, ‘രാജ്കുമാര്‍ എനിക്ക് വരാന്‍ പറ്റില്ല, പക്ഷേ ഞാന്‍ അവിടെ ഉള്ളതുപോലെയാണ്’ എന്ന് പറഞ്ഞു.

അദ്ദേഹമാണ് നമ്മുടെ ടീമിന്റെ ഐക്കണ്‍. ഇപ്പോഴും പിന്തുണയുണ്ട്. അദ്ദേഹം ഇല്ലെങ്കില്‍ കേരള സ്‌ട്രേക്കേഴ്‌സുമില്ല. ‘അമ്മ’ സംഘടയുമായുള്ള കരാര്‍ അവസാനിച്ചിരുന്നു. പക്ഷേ താന്‍ കൊച്ചിയില്‍ പോയി ഇടവേള ബാബുവിനെ കണ്ടിരുന്നു. പക്ഷേ അദ്ദേഹം എന്തോ ആശങ്കയിലാണ്.

Read more

മത്സരത്തില്‍ പങ്കെടുക്കാനാകില്ലെന്ന് ലാലേട്ടന്‍ പറഞ്ഞിരുന്നു. അതിനാലാണ് സി3 ക്ലബിനെ കണ്ടതും ചര്‍ച്ച നടത്തിയതും. അങ്ങനെയാണ് കുഞ്ചാക്കോ ബോബനെ കാണുന്നതും അദ്ദേഹം വരാമെന്ന് സമ്മതിക്കുന്നതും എന്നാണ് രാജ്കുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്.