പാന്‍ ഇന്ത്യന്‍ ചിത്രം ‘കണ്ണപ്പ’യിലെ മോഹന്‍ലാലിന്റെ ലുക്ക് പുറത്ത്. വിഷ്ണു മഞ്ചു നായകനാകുന്ന ചിത്രത്തില്‍ കാമിയോ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറില്‍ ഒരു നിമിഷത്തില്‍ മിന്നിമറയുന്നതായി മാത്രമേ മോഹന്‍ലാലിനെ കാണിച്ചിരുന്നുള്ളു. മോഹന്‍ലാലിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
കിരാത എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ‘പാശുപതാസ്ത്രത്തിന്റെ ആചാര്യന്‍, വിജയികളില്‍ വിജയി, ഐതിഹാസികനായ കിരാതന്‍’ എന്നീ വരികളോടെയാണ് കിരാത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ശിവഭഗവാന്റെ ഒരു അവതാരമാണ് കിരാതന്‍. പാണ്ഡവനായ അര്‍ജുനന് പാശുപാസ്ത്രം സമ്മാനിക്കാനായാണ് ശിവന്‍ കിരാത രൂപത്തില്‍ പ്രത്യക്ഷപ്പെട്ടത്.
‘ഏറ്റവും ധീരനായ പോരാളി, പരമഭക്തന്‍’ എന്ന ടാഗ് ലൈനോടെയാണ് ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഗംഭീര റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത് എന്നാണ് പോസ്റ്റര്‍ വ്യക്തമാക്കുന്നത്. അതേസമയം, അടുത്ത വര്‍ഷം ഏപ്രില്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും. മോഹന്‍ ബാബുവിന്റെ ഉടസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ.വി.എ എന്റര്‍ടെയ്ന്‍മെന്റ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
The wait is over! 🌟 Behold the stunning full look of Lalettan, The Legend, Shri @Mohanlal, as ‘Kirata’ in #Kannappa🏹. ✨ His dedication and brilliance illuminate this sacred tale of valor and devotion to life.
Feel the divinity and grandeur unfold! #HarHarMahadevॐ… pic.twitter.com/hysfoIuwYw
— Kannappa The Movie (@kannappamovie) December 16, 2024
മുകേഷ് കുമാര്‍ സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ മുകേഷ് കുമാര്‍ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം. പ്രഭാസ്, അക്ഷയ് കുമാര്‍ എന്നീ വമ്പന്‍ താരങ്ങളും സിനിമയില്‍ വേഷമിടുന്നുണ്ട്.
ശരത് കുമാര്‍, മോഹന്‍ ബാബു എന്നീ താരങ്ങളും ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. കണ്ണപ്പ എന്ന ശിവ ഭക്തന്റെ കഥ പറയുന്ന ചിത്രം, യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത് എന്നാണ് സൂചന. 1976ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള ട്രിബ്യൂട്ട് എന്ന നിലയിലാണ് ഈ ചിത്രം ഒരുക്കുന്നതെന്നും വാര്‍ത്തകളുണ്ട്.
കാജല്‍ അഗര്‍വാള്‍, പ്രീതി മുകുന്ദന്‍, ബ്രഹ്‌മാനന്ദം, മധൂ, ദേവരാജ്, അര്‍പ്പിത രംഗ, ശിവ ബാലാജി, രഘു ബാബു, ഐശ്വര്യ ഭാസ്‌കരന്‍, മുകേഷ് ഋഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തും. ഛായാഗ്രഹണം- ഷെല്‍ഡണ്‍ ചാവു, സംഗീതം- സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍- ആന്റണി ഗോണ്‍സാല്‍വസ്.