സിറിയയുടെ ഭരണം ഭീകരരുടെ കൈയില്‍; ആഗോളഭീകരതയെ വിമോചനവിപ്ലവമായി പുനരാവിഷ്‌കരിക്കുന്നു; ഭരണകൂട അട്ടിമറിക്കുശേഷം ആദ്യപ്രതികരണവുമായി ബാഷര്‍ അല്‍ അസദ്

സിറിയയുടെ ഭരണം ഭീകരരുടെ കൈയിലാണെന്ന് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. റഷ്യയില്‍ അഭയം തേടിയ അദേഹം പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരില്‍ത്തന്നെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

ആഗോളഭീകരതയെ സിറിയയുടെ വിമോചനവിപ്ലവമായി പുനരാവിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ എന്റെ വിധിയെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് പുറത്ത് പ്രചരിപ്പിക്കുന്നത്. വിമതരുടെ മുന്നേറ്റവും വ്യോമാക്രമണവും വര്‍ധിച്ചതോടെ സിറിയയില്‍നിന്ന് മാറിനില്‍ക്കേണ്ടത് അത്യാവശ്യമായിവന്നു. ഭീകരര്‍ക്കുനേരേ പൊരുതുകതന്നെയായിരുന്നു ലക്ഷ്യം. വ്യക്തിപരമായ നേട്ടത്തിന് ഒന്നുംചെയ്തിട്ടില്ലെന്നും അസദ് വ്യക്തമാക്കി.

സിറിയയോടുള്ള തന്റെ അഗാധമായ സ്‌നേഹം അതേപടി തുടരുമെന്നും രാജ്യം വീണ്ടും സ്വതന്ത്രമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. ഡിസംബര്‍ എട്ടുവരെ സിറിയയിലുണ്ടായിരുന്നെന്നും റഷ്യന്‍ വ്യോമത്താവളം ആക്രമിക്കപ്പെട്ടതോടെ തന്നെ അടിയന്തരമായി മാറ്റുകയായിരുന്നെന്നും പറഞ്ഞു. 2000-ത്തിലാണ് 30 വര്‍ഷം സിറിയ ഭരിച്ച പിതാവ് ഹാഫിസ് ഇല്‍ അസദിന്റെ പിന്‍ഗാമിയായി അസദ് അധികാരത്തിലെത്തിയത്.

രാഷ്ട്രം ഭീകരതയുടെ കൈകളിലേക്ക് വീഴുകയും അര്‍ഥവത്തായ സംഭാവന നല്‍കാനുള്ള കഴിവ് നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ ഏതൊരു സ്ഥാനവും അര്‍ഥശൂന്യമാകും. എങ്കിലും സിറിയയോടും സിറിയന്‍ ജനതയോടുമുള്ള അഗാധമായ അടുപ്പത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ല. സ്ഥാനങ്ങള്‍ കൊണ്ടോ സാഹചര്യങ്ങള്‍ കൊണ്ടോ ഇളക്കാന്‍ പറ്റാത്ത ബന്ധമാണത്. സിറിയ വീണ്ടും സ്വതന്ത്രമാകുമെന്നും അദേവം പറഞ്ഞു.