ഈ സീന്‍ പണ്ടേ ലാലേട്ടന്‍ വിട്ടതാണ്.. 'കാതലി'ന് പിന്നാലെ ചര്‍ച്ചകളില്‍ നിറഞ്ഞ് മോഹന്‍ലാലിന്റെ ഇതിഹാസ കഥാപാത്രം!

ഏറെ പൊസിറ്റീവ് റിവ്യൂ നേടുന്ന ‘കാതല്‍’ ബോക്‌സ് ഓഫീസില്‍ വിജയം തീര്‍ക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഒരു മോഹന്‍ലാല്‍ ചിത്രം. കാതലില്‍ മമ്മൂട്ടി സ്വവര്‍ഗാനുരാഗിയായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ അത് ഏറ്റെടുത്തിരിക്കുകയാണ്. എന്നാല്‍ ‘ഈ സീന്‍ ലാലേട്ടന്‍ പണ്ടേ വിട്ടതാണ്’ എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

‘മുംബൈ പൊലീസ്’ എന്ന ചിത്രത്തില്‍ പൃഥ്വിരാജും, ‘മൂത്തോന്‍’ സിനിമയില്‍ നിവിന്‍ പോളിയും സ്വവര്‍ഗാനുരാഗികളായി വേഷമിട്ടിരുന്നു. എന്നാല്‍ ഇതിനേക്കാളേറെ മുമ്പ് മോഹന്‍ലാല്‍ സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തിയിരുന്നു. ‘അള്ളാപിച്ച മൊല്ലാക്ക’യാണ് ആ കഥാപാത്രം.

ഒ.വി വിജയന്റെ ഇതിഹാസ കാവ്യം ‘ഖസാക്കിന്റെ ഇതിഹാസം’ 2003ല്‍ ഡോക്യുമെന്ററി ആക്കിയിരുന്നു. ഇതിലെ ഒരു കഥാപാത്രം ആണ് അള്ളാപിച്ച മൊല്ലാക്ക. അന്ന് സോഷ്യല്‍ മീഡിയ ഇല്ലാത്തതിനാല്‍ ഈ കഥാപാത്രം അധികം ചര്‍ച്ചയാക്കപ്പെട്ടിരുന്നില്ല. കാതല്‍ റിലീസിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വീഡിയോ പ്രചരിക്കുകയാണ്.

‘ഈ സീന്‍ പണ്ടേ ലാലേട്ടന്‍ വിട്ടതാണ്, 2003ല്‍ ഇത്തരമൊരു റോള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ കാണിച്ച ധൈര്യത്തെ സമ്മതിക്കണം, മമ്മൂട്ടിയും പൃഥ്വിരാജും നിവിനും സ്വവര്‍ഗരതിയെ കുറിച്ച് ചിന്തിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാലേട്ടന്‍ ചെയ്ത കഥാപാത്രമാണ് ഖസാക്കിന്റെ ഇതിഹാസത്തിലെ അള്ളാപ്പിച്ച മൊല്ലാക്ക’ എന്നിങ്ങനെയാണ് ചര്‍ച്ചകള്‍.

അതേസമയം, നവംബര്‍ 23ന് ആണ് കാതല്‍ തിയേറ്ററുകളില്‍ എത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം 6 കോടിക്ക് അടുത്ത് കളക്ഷന്‍ നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് ട്രാക്കര്‍മാര്‍ പങ്കുവയ്ക്കുന്ന വിവരം. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തിയപ്പോള്‍ ആര്‍.എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിരുന്നു.