തിയേറ്ററില്‍ ദുരന്തമായി, പിന്നാലെ ഒ.ടി.ടിയില്‍ നിന്നും പിന്‍വലിച്ചു; ഏഴ് മാസത്തിന് ശേഷം നയന്‍താര ചിത്രം വീണ്ടും റിലീസിന്

നെറ്റ്ഫ്‌ളിക്‌സ് പിന്‍വലിച്ച ചിത്രം വീണ്ടും സ്ട്രീമിംഗ് ആരംഭിക്കുന്നു. നയന്‍താരയുടെ ‘അന്നപൂരണി’ എന്ന ചിത്രമാണ് വീണ്ടും സ്ട്രീമിംഗ് ആരംഭിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് നെറ്റ്ഫ്‌ളിക്‌സ് തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചിത്രം നീക്കം ചെയ്തത്. ഡിസംബര്‍ 1ന് ആയിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്.

ഡിസംബര്‍ 29ന് ആയിരുന്നു ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. 13 ദിവസം മാത്രമേ ചിത്രം ഒ.ടി.ടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളൂ. ഏഴ് മാസങ്ങള്‍ക്കിപ്പുറം മറ്റൊരു ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് കാണാനാവില്ല. സിംപ്ലി സൗത്ത് എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം എത്തുന്നത്.

ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളിലാവും ഒ.ടി.ടിയിലെ രണ്ടാം വരവില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ്. ഓഗസ്റ്റ് 9ന് സ്ട്രീമിംഗ് ആരംഭിക്കുമെന്ന് സിംപ്ലി സൗത്ത് അറിയിച്ചിട്ടുണ്ട്. സിനിമയ്‌ക്കെതിരെ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ മുംബൈ പൊലീസ് കേസ് എടുത്തിരുന്നു.

നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി എന്ന കഥാപാത്രത്തെയാണ് നയന്‍താര അവതരിപ്പിച്ചത്.

ബിരിയാണി ഉണ്ടാക്കേണ്ടി വരുന്ന സീനില്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. രാമന്‍ മാംസാഹാരവും കഴിച്ചിരുന്നതായും സിനിമയില്‍ പറയുന്നുണ്ട്. ഇതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്റ് ആര്‍ട്സും ചേര്‍ന്നാണ്.