പുതുതലമുറ പ്രേക്ഷകര്‍ക്ക് ദഹിക്കുമോ; ആഷിക് അബുവിന്റെ നീല വെളിച്ചം, പ്രതികരണം

വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ പുസ്തകത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ‘നീലവെളിച്ചം’ ഇന്ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തു. ഭാര്‍ഗവീനിലയം എന്നറിയപ്പെടുന്ന പ്രേതബാധയുള്ള ഒരു വീട്ടില്‍ ഒരു യുവ കഥാകൃത്ത് താമസിക്കാന്‍ വരുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം.

1964-ല്‍ ‘ഭാര്‍ഗവീനിലയം’ എന്ന പേരില്‍ ഈ കഥ സിനിമയാക്കപ്പെട്ടിരുന്നു. സമ്മിശ്രപ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഭാര്‍ഗവീനിലയത്തില്‍ മധു, പ്രേംനസീര്‍, വിജയനിര്‍മ്മല, പി ജെ ആന്റണി എന്നിവര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളെയാണ് യഥാക്രമം ടൊവിനോ, റോഷന്‍ മാത്യു, റിമ കല്ലിങ്കല്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ അവതരിപ്പിച്ചത്.

അഭിനേതാക്കള്‍ക്ക് കൈയടിക്കുന്ന പ്രേക്ഷകര്‍ ടൊവിനോയുടെ പ്രകടനത്തെ എടുത്ത് പറയുന്നുണ്ട്. ഗിരീഷ് ഗംഗാധരന്റെ ദൃശ്യങ്ങളും ചിത്രത്തിലെ വിഎഫ്എക്‌സും മികച്ചതാണെന്നാണ് അഭിപ്രായം.

ഒന്നാം പകുതിയേക്കാള്‍ മികച്ചത് രണ്ടാം പകുതിയാണെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്.