'ആദ്യ സിനിമയില്‍ ലാലേട്ടനെ കണ്ടപ്പോള്‍ പരിഭ്രമിച്ചിരുന്നു, ഇപ്പോള്‍ ആറാട്ടിന്റെ സെറ്റില്‍ വീണ്ടും കണ്ടപ്പോഴും..'; ഹൃദ്യമായി കുറിപ്പുമായി നേഹ സക്‌സേന

മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അരങ്ങേറ്റം കുറിച്ച താരമാണ് നേഹ സക്‌സേന. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ എത്തിയത്. തുടര്‍ന്ന് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലും നേഹ വേഷമിട്ടു. വീണ്ടും മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നേഹ ഇപ്പോള്‍. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന “നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്” എന്ന സിനിമയിലാണ് നേഹ വേഷമിടുന്നത്.

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ മലയാളത്തില്‍ ഒരു വാക്ക് പോലും തനിക്കറിയില്ലായിരുന്നു. അന്ന് മോഹന്‍ലാല്‍ തന്നെ സഹായിച്ചു. ഇത്തവണ ആറാട്ടിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനെ വീണ്ടും കണ്ടപ്പോഴും താന്‍ പരിഭ്രമിച്ചിരുന്നു, എന്നാല്‍ അദ്ദേഹം തനിക്ക് ആശ്വാസവും കരുത്തുമേകി എന്നാണ് നേഹ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നേഹ സക്‌സേനയുടെ കുറിപ്പ്:

ഇതിലും വലിയൊരു ഭാഗ്യം എനിക്ക് ലഭിക്കാനില്ല. ജീവിക്കുന്ന ഇതിഹാസമായ ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കുവാന്‍ അവസരം തന്ന ദൈവത്തിന് നന്ദി പറയുന്നു. അദ്ദേഹം ഇഗോകളൊന്നുമില്ലാതെ നമ്മളെ പിന്തുണയക്കുകയും പൊസിറ്റീവായി ഇടപെടുകയും ചെയ്യുന്നു. തെറ്റായ മനോഭാവമോ നെഗറ്റീവ് വൈബുകളോ അദ്ദേഹത്തിനില്ല. എന്റെ ആദ്യ മലയാള ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ അഭിനയിക്കുവാന്‍ എത്തുമ്പോള്‍ ഞാന്‍ പരിഭ്രാന്തിയിലായിരുന്നു, കാരണം എനിക്ക് മലയാളത്തില്‍ ഒരു വാക്ക് പോലും അറിയില്ലായിരുന്നു.

ഡയലോഗുകള്‍ പഠിക്കുന്നതില്‍ ലാലേട്ടന്‍ എന്നെ ഏറെ സഹായിച്ചു (ആ ഒരു ലാളിത്യമാണ് എന്നെ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആരാധികയാക്കിയത്). ഇത്തവണ ആറാട്ടിന്റെ ലൊക്കേഷനില്‍ അദ്ദേഹത്തെ വീണ്ടും കണ്ടപ്പോള്‍ ഞാന്‍ പരിഭ്രമിച്ചിരുന്നു..എന്നാല്‍ അദ്ദേഹം എനിക്ക് ഊഷ്മളമായ സ്വാഗതവും ആശ്വാസവും കരുത്തുമേകി.

പുതിയ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ലാലേട്ടന്‍ തീര്‍ച്ചയായും ഒരു രത്നമാണ്. അദ്ദേഹത്തിനൊപ്പം ആറാട്ടിലൂടെ വീണ്ടും അഭിനയിക്കുവാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു.

Read more