'ഒരു സർക്കാർ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു

തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു. പത്തനംതിട്ട കടമ്മനിട്ടയിൽ ഹൃദയാഘാതം മൂലം ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. റിലീസിനായി ഒരുങ്ങിയിരിക്കുന്ന ‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥാകൃത്താണ് നിസാം റാവുത്തർ. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്നു.

‘ഒരു സർക്കാർ ഉത്പന്നം’ സിനിമ ഈ മാസം എട്ടിനാണ് തീയേറ്ററുകളിൽ എത്തുന്നത്. ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന സിനിമയ്ക്കും നിസാം തിരക്കഥയൊരുക്കിയിട്ടുണ്ട്. ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന പേരിൽ ഒരുങ്ങിയ സിനിമയുടെ പേരിൽ നിന്ന് ഭാരത എന്ന വാക്ക് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു.

Read more

തുടർന്ന് ഭാരത എന്ന വാക്കിനു മുകളിൽ കറുത്ത കടലാസ് ഒട്ടിച്ച് അണിയറ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച് ചിത്രം ഈയാഴ്ച തിയേറ്ററുകളിൽ എത്താനിരിക്കേയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോ​ഗം.