നെപ്പോട്ടിസം എന്ന് ഫെയ്‌സ്ബുക്കില്‍ കിടന്ന് കരയുകയും, ഇഷ്ടതാരങ്ങളുടെ മക്കളെ കണ്ടാല്‍ എങ്ങനെയാ അച്ഛന്റെ അല്ലേ ചോര എന്നും പറയുന്ന മലയാളികള്‍: വിമര്‍ശനവുമായി ഒമര്‍ ലുലു

തന്റെ സിനിമകളിലെ ഗാനങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഡിസ്‌ലൈക്ക് ക്യാമ്പയ്‌നുകള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ ഒമര്‍ ലുലു. “”വയലാര്‍ എഴുതുമോ ഇതുപോലെ”” എന്ന സ്ഥിരം കമന്റുകള്‍ എടുത്തു പറഞ്ഞു കൊണ്ടാണ് സംവിധായകന്റെ വിമര്‍ശനം.

സ്വജനപക്ഷപാതം എന്ന് ഫെയ്‌സ്ബുക്കില്‍ മുറവിളി കൂട്ടുന്നവര്‍ പോലും ഇഷ്ടതാരങ്ങളുടെ മക്കളെ പിന്തുണയ്ക്കുന്നതിനെ കുറിച്ചും സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഒമര്‍ ലുലുവിന്റെ കുറിപ്പ്‌:

ഒമര്‍ ലുലു സിനിമയിലെ പാട്ട് ഇറങ്ങുന്ന സമയത്ത് മാത്രം കാണുന്ന ഡിസ്‌ലൈക്ക് കാമ്പെയ്ന്‍ കാരണം എന്താ “നല്ല മലയാളത്തില്‍ ഉള്ള വരികള്‍ ഉപയോഗിച്ചൂടെ ” അങ്ങനെ പലതും പല കാരണങ്ങള്‍ പിന്നെ ട്രോളന്‍മാരുടെ മെയ്യിന്‍ ഐറ്റവും “വയലാര്‍ എഴുതുമോ ഇതുപോലെ” എന്നുള്ള കമ്മന്റ്‌സും.

നെപ്പോട്ടിസം എന്ന് ഫെയ്‌സ്ബുക്കില്‍ കിടന്ന് കരയുകയും ചെയ്യും തങ്ങളുടെ ഇഷ്ട താരങ്ങളുടെ മക്കളെ കണ്ടാല്‍ എങ്ങനെയാ അച്ഛന്റെ അല്ലേ ചോര പിന്നെ പുലിയാവാതെ ഇരിക്കുമോ ഇനി പരാജയപ്പെട്ടാല്‍ അവന്‍ തിരിച്ചു വരും ഫഹദ് ഫാസിലിനെ കണ്ടിലേ മുതലായവ വേറെയും ഒരാളുടെയും സപ്പോര്‍ട്ട് ഇല്ലാതെ ഒരു മലയാളി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തി അവനെ ബാന്‍ ചെയ്ത് വീട്ടിലിരുത്തിയപ്പോള്‍ മലയാളിക്ക് സന്തോഷം എന്നിട്ട് പറയാ അഹങ്കാരി അവന് അത് വേണം??

https://www.facebook.com/omarlulu/posts/1039487366448020

നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. “”ഹാപ്പി വെഡിങ്ങിന് മുന്‍പേ നിങ്ങളെ പരിചയം ഉണ്ടായിരുന്നെങ്കില്‍ ഞാനും ചിലപ്പോ ഹേറ്റ് ക്യാമ്പയിനില്‍ പങ്കെടുത്താനെ””, “”മലയാളികളുടെ ഏറ്റവും വലിയ സന്തോഷം അത് മറ്റുള്ളവരുടെ കുറ്റം കണ്ടെത്തുകയാണ്. നല്ലത് അംഗീകരിച്ചു കൊടുക്കാന്‍ മടിയാണ്, എന്നിട്ടും പറയുന്നു മലയാളികള്‍ പൊളിയാണ്”” എന്നിങ്ങനെയാണ് ചില കമന്റുകള്‍. ഇതിന് മറുപടിയും സംവിധായകന്‍ നല്‍കുന്നുണ്ട്.

“”നമ്മുടെ അബീക്കാടെ ആമിനതാത്തയുടെ മിമിക്രിയില്‍ ഇതിന്റെ വേറെ ഒരു വെര്‍ഷന്‍ പറയുന്നുണ്ട് പണ്ട് കേരളത്തില്‍ നിന്ന് കൊണ്ട് പോകുന്ന ഞണ്ടിന്റെ പാത്രം മാത്രം മൂടിവെക്കെണ്ട അവശ്യമില്ല ഒരെണ്ണം രക്ഷപെടുമെന്ന് തോന്നിയാല്‍ ബാക്കിയുള്ള ഞണ്ടുകള്‍ രക്ഷപ്പെടാന്‍ നോക്കിയ ഞണ്ടിനെ താഴെ വലിച്ചിടും”” എന്നാണ് ഒമറിന്റെ മറുപടി. ബാബു ആന്റണി നായകനാകുന്ന “പവര്‍സ്റ്റാര്‍” ആണ് ഒമര്‍ലുലു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രം.