പ്രണയവും സൗഹൃദവുമായി 'ഓര്‍മയില്‍ ഒരു ശിശിരം' മൂന്നാം ദിനത്തില്‍

പ്രണയത്തിന്റെ നോവും മധുരവും സൗഹൃദത്തിന്‌റെ കഥയുമായെത്തിയ ഓര്‍മയില്‍ ഒരു ശിശിരം തീയേറ്ററുകളിലെത്തിയിട്ട് മൂന്നാം ദിവസം. നവാഗതനായ വിവേക് ആര്യന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്‌കൂള്‍ കാലഘട്ടത്തിന്റെ ഓര്‍മകളിലേക്ക് ആനയിക്കുന്ന ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണം.

തട്ടത്തിന്‍ മറയത്ത്, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ഒറ്റമുറി വെളിച്ചം, ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കു സുപരിചിതനായ നടന്‍ ദീപക് പറമ്പോല്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. പുതുമുഖം അനശ്വരയാണ് നായിക. ആദ്യ പ്രണയത്തിന്റെ നോവും മധുരവുമാണ് ചിത്രം പറയുന്നത്. നായകന്‍ പ്ലസ് വണ്‍ കാലത്തെ പ്രണയം ഓര്‍ക്കുന്നതായാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിദ്യാര്‍ത്ഥിയായാണ് ദീപക് വേഷമിടുന്നത്. എല്‍ദോ മാത്യു, ജെയിംസ് സാം, ബേസില്‍ ജോസഫ്, ഇര്‍ഷാദ്, അശോകന്‍, മാല പാര്‍വതി, സുധീര്‍ കരമന, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Read more

വിഷ്ണുരാജിന്റെ കഥയ്ക്ക് ശിവപ്രസാദ് സി.ജി, അപ്പു ശ്രീനിവാസ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മാക്ട്രോ പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. ഛായാഗ്രഹണം അരുണ്‍ ജെയിംസ്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ഈണം നല്‍കിയിരിക്കുന്നു.