2024 ജൂൺ 5 ന് സുനിത വില്യംസും ബുച്ച് വിൽമോറും ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത് ബോയിങ് കമ്പനിയുടെ സ്റ്റാർലൈനർ പേടകത്തിലായിരുന്നു. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ശേഷം അവരിന്ന് തിരിച്ചെത്തിയതാകട്ടെ സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലും. ഇതോടെ ചർച്ചയാകുന്നത് കഴിഞ്ഞ ഒൻപത് മാസങ്ങൾ കൊണ്ട് നാസക്കൊപ്പം എത്തിനിൽക്കുന്ന ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സിന്റെ വളർച്ചയാണ്.
2014 ലാണ് രണ്ട് പ്രൈവറ്റ് കമ്പനികൾക്ക് ബഹിരാകാശ വാഹനം നിർമ്മിക്കാൻ നാസ കരാർ നൽകുന്നത്. 2011 മുതൽ സ്വന്തമായി ബഹിരാകാശ വാഹനമില്ലാത്ത ഏജൻസിയാണ് നാസ. ഈ പ്രതിസന്ധി മറികടക്കാനാണ് ബോയിങ് കമ്പനിക്കും ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിക്കും നാസ കരാർ നൽകിയത്. അന്ന് ഈ രംഗത്ത് പിച്ചവെച്ചു തുടങ്ങിയ സ്പേസ് എക്സിന് ബഹിരാകാശ വാഹനം വികസിപ്പിക്കാൻ 260 കോടി ഡോളർ നാസ കോൺട്രാക്ട് നൽകിയപ്പോൾ പരിചയ സമ്പന്നത കൂടുതലുള്ള കമ്പനി എന്ന നിലയിൽ ബോയിങ്ങിന് ലഭിച്ചതാകട്ടെ 420 കോടി ഡോളറും.
സ്പേസ് എക്സ് കമ്പനി ആറ് വർഷം കൊണ്ട് അവരുടെ ഡ്രാഗൺ വാഹനം വികസിപ്പിച്ചെടുത്തു. 2020 മുതൽ നാസ ബഹിരാകാശ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നത് ഡ്രാഗൺ പേടകത്തിലുമാണ്. അതേസമയം കരാർ നൽകി പത്ത് വർഷങ്ങളായിട്ടും ബോയിങ് കമ്പനിക്ക് ഒരു ഫുൾപ്രൂഫ് വാഹനം പോലും വികസിപ്പിക്കാനായില്ല. അവർ രൂപം നൽകിയ ബഹിരാകാശ വാഹനമാണ് സ്റ്റാർലൈനർ. 2022 വരെ ആളില്ലാതെ സ്റ്റാർലൈനറിൽ നടത്തിയ പരീക്ഷണങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും പരാജയവുമായിരുന്നു.
സ്റ്റാർലൈനറിന്റെ ഈ പരാജയങ്ങൾ അവഗണിച്ചുകൊണ്ടാണ് 2024 ജൂൺ അഞ്ചിന് സുനിതയെയും വിൽമോറിനെയും ആ പേടകത്തിൽ നാസ അയച്ചത്. ആ തെറ്റായ തീരുമാനത്തിന് വില കൊടുക്കേണ്ടി വന്നതാവട്ടെ, സുനിതയ്ക്കും വിൽമോറിനും, എട്ടു ദിവസത്തിനായി പോയ അവർ ഇതുമൂലം ബഹിരാകാശ നിലയത്തിൽ താമസിക്കേണ്ടി വന്നത് 9 മാസത്തിലേറെയാണ്.
ജൂൺ 18 നാണ് സ്റ്റാർലൈനർ പേടകത്തിന് ഹീലിയം ചോർച്ച ഉണ്ടെന്നും സുനിതയുടെയും കൂട്ടരുടെയും മടങ്ങി വരവ് നീളുമെന്നുമുള്ള വാർത്ത എത്തുന്നത്. ആദ്യം 45 ദിവസത്തേക്ക് നീട്ടി വെച്ച യാത്ര പിന്നീട് തീയതികൾ ഒന്നും പ്രഖ്യാപിക്കാതെ നീളുകയായിരുന്നു. സഞ്ചാരികളുമായി ഒരു മടങ്ങി വരവ് സ്റ്റാർലൈനറിന് സാധിക്കാതെ വന്നതോടെ സെപ്റ്റംബർ 7 ന് സഞ്ചാരികൾ ഇല്ലാതെ സ്റ്റാർലൈനർ പേടകം ഭൂമിയിൽ തിരിച്ചെത്തി.
സുനിത വില്യംസിന്റെയും ബുച്ചിന്റെയും സാഹചര്യം തുടക്കം മുതൽ ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. സുനിതയുടെ ആരോഗ്യവും മടങ്ങിവരവുമൊക്കെ നിരന്തരം ചർച്ച ചെയ്യപ്പെട്ടു. ഇതോടെ നാസയ്ക്കും സമ്മർദ്ദമേറി. എന്നാൽ ഡൊണാൾഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതിന് തൊട്ടുപിന്നാലെ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വന്നുതുടങ്ങി. ജനുവരി 28 ന്, സ്പേസ് എക്സ് സ്ഥാപകനും സിഇഒയുമായ എലോൺ മസ്കിനോട് സുനിതയെയും ബുച്ചിനെയും ഐഎസ്എസിൽ നിന്ന് മടക്കി കൊണ്ടുവരൻ ആവശ്യപ്പെട്ടതായി ട്രംപ് പ്രഖ്യാപിച്ചു. കൂടാതെ, ബൈഡൻ ഭരണകൂടം അവരെ ബഹിരാകാശത്ത് ഉപേക്ഷിച്ചു എന്നും ആരോപിച്ചു. അവരെ തിരിച്ചു കൊണ്ടുവരുമെന്ന് മസ്‌കും സ്ഥിരീകരിച്ചുതോടെ രക്ഷാ ദൗത്യത്തിന് വെളിച്ചം വീശി തുടങ്ങി.
ചെലവ് കുറഞ്ഞ ബഹിരാകാശ യാത്രയും ചൊവ്വയിലേക്കുള്ള മനുഷ്യരുടെ കുടിയേറ്റവും ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കുന്ന സ്പേസ് എക്സ് അങ്ങനെ ട്രംപ് ഏൽപ്പിച്ച ദൗത്യം ഏറ്റെടുക്കുകയും ഈ മാസം 15 ന് ഡ്രാഗൺ പേടകം നാല് ബഹിരാകാശ യാത്രികരുമായി വിക്ഷേപിക്കുകയും ചെയ്തു. ഈ പേടകത്തിലാണ് സുനിത ഉൾപ്പെടെ നാല് പേർ ഇന്ന് പുലർച്ചെ 3.40 ന് ഫ്ലോറിഡ തീരത്തിനു സമീപം അറ്റ്ലാന്റിക് സമുദ്രത്തിലെ ഗൾഫ് ഓഫ് അമേരിക്കയിൽ ഇറങ്ങിയത്.
ഇതോടെ അവരെ സംബന്ധിച്ച ആശങ്കകള്‍ക്ക് വിരാമമായെങ്കിലും, ഇനിയും ബാക്കി ചർച്ചകൾ നടക്കാൻ പോകുന്നത് നാസയും സ്റ്റാർലൈനറും ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ടാണ്. നാസയ്ക്ക് ഇനിയും ബോയിങ് കമ്പനിയെ ആശ്രയിക്കേണ്ട ആവശ്യമുണ്ടോ എന്നത് സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ്. ഒപ്പം ഒരു സ്വകാര്യ ഏജൻസിയായ സ്പേസ് എക്സ് നാസയ്ക്ക് ഒപ്പം വളരുന്ന കാഴ്ചയും ലോകം അത്ഭുതത്തോടെ നോക്കികാണുകയാണ്. കാരണം ബഹിരാകാശ നിലയത്തിന്റെ നേതൃത്വപരമായ പങ്കുവഹിക്കുന്ന അമേരിക്കൻ സർക്കാർ ഏജൻസിയായ നാസയ്ക്കാണ് സ്വന്തം യാത്രികരെ ഭൂമിയിൽ എത്തിക്കാൻ ഈ രംഗത്ത് തങ്ങളോളം വളർന്ന സ്വകാര്യ കമ്പനിയായ സ്പേസ് എക്‌സിനെ ആശ്രയിക്കേണ്ടി വന്നത്.
സ്പേസ് എക്സിന്റെ മേധാവി ഇലോൺ മസ്കിന് യുഎസിലെ ട്രംപ് ഭരണകൂടത്തിലുള്ള സ്വാധീനം കൂടി കണക്കിലെടുത്തൽ സ്പേസ് എക്സിന്റെ ഭാവിയിലെ വളർച്ചയും നാസയുടെ തളർച്ചയും കൂടി നമുക്ക് ഊഹിക്കാവുന്നതാണ്.