ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ബാങ്കുകളും തമ്മില്‍ അവിശുദ്ധ ബന്ധമോ? സിബിഐ അന്വേഷണം നിര്‍ദ്ദേശിച്ച് സുപ്രീം കോടതി

ഇന്ത്യയിലെ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ബാങ്കുകളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ ഉത്തരവിടുമെന്ന് സുപ്രീം കോടതി. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും ബാങ്കുകളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടോയെന്ന് കണ്ടെത്തുന്നതിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പണി പൂര്‍ത്തിയാകാത്ത ഫ്‌ളാറ്റുകള്‍ക്ക് വായ്പ തിരിച്ചടവിന് ബാങ്കുകള്‍ നിര്‍ബന്ധിക്കുന്നുവെന്ന ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ നിര്‍ണായക തീരുമാനം. ഫ്‌ളാറ്റ് വാങ്ങുന്നവരുടെ വായ്പാ പണം ലഭിക്കുന്നത് റിയല്‍ എസ്റ്റേറ്റ് നിര്‍മ്മാതാക്കള്‍ക്കാണ്. അതിനാല്‍ ഫ്‌ളാറ്റുകള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറുന്നതുവരെ വായ്പ ഗഡുക്കള്‍ അടയ്‌ക്കേണ്ടത് നിര്‍മ്മാതാക്കളാണ്.

ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ ഗഡു അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നതോടെ ഗഡു അടയ്ക്കാന്‍ ഫ്‌ളാറ്റ് വാങ്ങുന്നവരോട് ബാങ്കുകള്‍ നിര്‍ബന്ധിക്കാറാണ് പതിവ്. എന്നാല്‍ നിര്‍മ്മാണം ആരംഭിക്കാത്ത ഫ്‌ളാറ്റുകള്‍ക്ക് എങ്ങനെയാണ് വായ്പ അനുവദിക്കുന്നതെന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് അന്വേഷണത്തിന്റെ രൂപരേഖ രണ്ട് ആഴ്ചയ്ക്കുള്ളില്‍ കൈമാറാന്‍ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

Read more

കേസിലെ അമിക്കസ് ക്യൂറിയായി മുന്‍ ഇന്റലിജന്‍സ് ബ്യൂറോ മേധാവി രാജീവ് ജയിനിനെ സുപ്രീം കോടതി നിയമിച്ചു. അതേസമയം സിബിഐ അന്വേഷണത്തെ ചില ധനകാര്യ സ്ഥാപനങ്ങള്‍ സുപ്രീം കോടതിയില്‍ എതിര്‍ത്തു.