സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് നിര്‍മ്മാണക്കമ്പനികള്‍, സ്ത്രീകള്‍ സുരക്ഷിതരല്ല; ഡബ്ല്യുസിസി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സതീദേവി

സിനിമയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടത് നിര്‍മ്മാണക്കമ്പനികളുടെ ഉത്തരവാദിത്വമാണെന്ന് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി. സിനിമാ മേഖലയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും ഇതിനായി നിയമനിര്‍മ്മാണെ നടക്കേണ്ടതുണ്ടെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നുള്‍പ്പെടെ ഡബ്‌ള്യുസിസി ഉന്നയിച്ച ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടത്തുന്നത്.

കേസില്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി നേരത്തെയും ആവശ്യപ്പെട്ടിരുന്നു. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താനാണ് ഡബ്ല്യുസിസി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ‘അവള്‍ക്കൊപ്പം’ എന്ന ടാഗും ചേര്‍ത്താണ് ഡബ്ല്യുസി സിമുഖ്യമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്