ലിജു കൃഷ്ണ ചിത്രം 'പടവെട്ടി'ന് പാക്കപ്പ് പറഞ്ഞ് സണ്ണി വെയ്ന്‍; ഉടന്‍ പ്രേക്ഷകരിലേക്ക്

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പടവെട്ട്’ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളി നായകനാകുന്ന ചിത്രം സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ ആദ്യ നിര്‍മ്മിക്കുന്ന ചിത്രമാണ്.

സണ്ണി വെയ്ന്‍ ചിത്രത്തിന് പാക്കപ്പ് പറയുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. നടി അദിതി ബാലനാണ് പടവെട്ടില്‍ നായിക. സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം ഒരു പ്രധാന വേഷത്തില്‍ മഞ്ജു വാര്യരും ചിത്രത്തിലെത്തുന്നുണ്ട്.

ഗോവിന്ദ് വസന്തയാണ് സംഗീതം. ദീപക് ഡി. മേനോന്‍ ഛായാഗ്രഹണവും, ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അതേസമയം, മാര്‍ച്ച് 6ന് പടവെട്ടിന്റെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കവെയാണ് ലിജു കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. പരാതിക്കാരിയായ യുവതിക്കൊപ്പം ലിജു താമസിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഇരുവരും എത്തിയെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

Read more

പരാതിക്കാരിയായ യുവതി താന്‍ നേരിട്ട ലൈംഗികാതിക്രമങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു. സിനിമയുടെ തിരക്കഥയിലും ചിത്രീകരണത്തിലും താന്‍ സഹകരിച്ചിരുന്നുവെന്നും എന്നാല്‍, ഇതിനൊന്നും പ്രഫഷനല്‍ രീതിയിലുള്ള അംഗീകാരം നല്‍കിയില്ലെന്നും യുവതി കുറിപ്പില്‍ പറയുന്നു.