പവന് കല്യാണിന്റെ പേര് കഴിഞ്ഞ ദിവസം മുതല്‍ ട്രെന്‍ഡിംഗിലാണ്. വിജയ് ചിത്രം ‘തെരി’യുടെ റീമേക്ക് താരം ചെയ്യുന്നുവെന്ന അഭ്യൂഹങ്ങള്‍ എത്തിയതോടെയാണ് പവന്‍ കല്യാണിനെതിരെ അദ്ദേഹത്തിന്റെ ആരാധകര്‍ തന്നെ രംഗത്തെത്തിയത്. എന്നാല്‍ താരമോ സംവിധായകനോ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ തന്റെ ഒരു ഫോട്ടോ പവന്‍ കല്യാണ്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. ഇതോടെ ആരാധകര്‍ ശാന്തമായിരിക്കുകയാണ്. പുതിയ സിനിമയ്ക്കായി ആയോധനകല പരിശീലനത്തില്‍ ഏര്‍പ്പെട്ട ചിത്രമാണ് പവന്‍ പങ്കുവച്ചിരിക്കുന്നത്. ‘ഹരിഹര വീര മല്ലു’ എന്ന സിനിമയ്ക്ക് ആയാണ് താരം ആയോധനകലകള്‍ പരിശീലിക്കുന്നത്.
ഇതിന് മുമ്പ് 2001ല്‍ പുറത്തിറങ്ങിയ ‘ഖുശി’, 1999ല്‍ ‘തമ്മുഡു’ എന്നീ ചിത്രങ്ങളില്‍ വമ്പന്‍ ഫൈറ്റ് സീനുകളുമായി പവന്‍ കല്യാണ്‍ എത്തിയിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ആയോധനകളുമായി താരം സ്‌ക്രീനില്‍ എത്താനൊരുങ്ങുന്നത്. അടുത്ത വര്‍ഷമാണ് ഹരിഹര വീരമല്ലു റിലീസ് ചെയ്യുക. ആന്ധ്രാ പ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് രണ്ടോളം സിനിമകളും പവന് തീര്‍ക്കാനുണ്ട്.
After two decades I got into my Martial Arts practice. pic.twitter.com/3CLqGRNbvH
— Pawan Kalyan (@PawanKalyan) December 9, 2022
അതേസമയം, വിജയ് ചിത്രം റീമേക്ക് ചെയ്യുകയാണെങ്കില്‍ ആത്മഹത്യ ചെയ്യും എന്നാണ് ആരാധകര്‍ പറയുന്നത്. സംവിധായകന്‍ ഹരീഷ് ശങ്കര്‍ കഴിഞ്ഞ ദിവസമാണ് പവന്‍ കല്യാണിനൊപ്പം പുതിയ സിനിമ ഒരുക്കുന്നുവെന്ന സൂചന നല്‍കിയത്. നടന്‍ ബ്രഹ്‌മാനന്ദം അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ രംഗമാണ്, ‘വലിയ ഒരതിശയം പിന്നാലെ വരുന്നുണ്ട്’ എന്ന കുറിപ്പോടെ സംവിധായകന്‍ പങ്കുവച്ചത്.
സ്ലോ മോഷനില്‍ നടക്കുന്ന നടന്റെ പിന്നിലായി ഒരു സംഘം ആളുകള്‍ പൊലീസ് വേഷത്തിലുള്ള പവന്‍ കല്യാണിന്റെ കൂറ്റന്‍ കട്ടൗട്ടും വഹിച്ചു കൊണ്ടാണ് വരുന്നത്. ഇതോടെയാണ് പുതിയ ചിത്രത്തില്‍ പവന്‍ കല്യാണ്‍ പൊലീസ് വേഷത്തിലായിരിക്കുമെന്നും അത് തെരിയുടെ റീമേക്ക് ആയിരിക്കുമെന്ന വാര്‍ത്തയും പരന്നത്.
Read more
ഇതോടെയാണ് ‘വീ ഡോണ്ട് വാണ്ട് തെരി റീമേക്ക്’ എന്ന ഹാഷ്ടാഗുമായി ആരാധകര്‍ രംഗത്തെത്തിയത്. ആറുവര്‍ഷം മുമ്പ് ഇറങ്ങിയ തെരി തെലുങ്കിലും മൊഴിമാറ്റി എത്തിയിരുന്നു. ഒ.ടി.ടിയിലും ടിവിയിലും പ്രദര്‍ശിപ്പിച്ച ചിത്രം ഇനി റീമേക്ക് ചെയ്യേണ്ട എന്നാണ് പലരും പറയുന്നത്.