പ്രഭാസിന്റെ ദുരന്ത സിനിമ, ഒരു സീന്‍ ഷൂട്ട് ചെയ്യാന്‍ ചിലവിട്ടത് 70 കോടി; കണക്കുകള്‍ പുറത്ത്

ബ്രഹ്‌മാണ്ഡ സിനിമയായ ‘ബാഹുബലി’ക്ക് ശേഷം പ്രഭാസിന്റെതായി റിലീസ് ചെയ്ത സിനിമയായിരുന്നു ‘സാഹോ’. ബാഹുബലിയിലൂടെ പ്രഭാസ് നേടിയ ഹൈപ്പ് ഏറെ വലുതായതിനാല്‍ ഏറെ പ്രതീക്ഷകളോടെ ആയിരുന്നു സിനിമ എത്തിയത്. എന്നാല്‍ അതുവരെ താരത്തിനുണ്ടായ എല്ലാ ഹൈപ്പുകളെയും നിഷ്പ്രഭമാക്കി കൊണ്ട് സിനിമ തിയേറ്ററില്‍ വന്‍ പരാജയമാവുകയായിരുന്നു.

350 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ചിത്രത്തിന് കഷ്ടിച്ച് 450 കോടിയോളം രൂപ മാത്രമേ ആകെ നേടാനായിട്ടുള്ളു. ഏറ്റവും മികച്ച ദൃശ്യത്തികവോടെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായി ഐമാക്‌സ് ക്യാമറകളായിരുന്നു സാഹോയുടെ ചിത്രീകരണത്തിന് ഉപയോഗിച്ചത്. ഐമാക്‌സില്‍ പൂര്‍ണമായും ചിത്രീകരിച്ച ആദ്യ സിനിമയും സാഹോയാണ്.

ചിത്രത്തിലെ എട്ട് മിനിറ്റ് നീണ്ട ആക്ഷന്‍ സീക്വന്‍സ് ചിത്രീകരിക്കുന്നതിനായി 70 കോടി രൂപ ചിലവഴിക്കേണ്ടി വന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ലോക പ്രശസ്തരായ 100 സ്റ്റണ്ട് പെര്‍ഫോര്‍മാരാണ് ക്ലൈമാക്‌സ് ഗംഭീരമാക്കാന്‍ എത്തിയതെങ്കിലും ചിത്രത്തെ പ്രേക്ഷകര്‍ കൈവിടുകയായിരുന്നു.

ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, ചങ്കി പാണ്ഡെ, മുരളി ശര്‍മ്മ, മന്ദിര ബേദി എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. പ്രേക്ഷകരുമായി കണക്ട് ചെയ്യാന്‍ ചിത്രത്തിന് സാധിക്കാത്തത് സിനിമയുടെ പരാജയത്തിന് കാരണമാവുകയായിരുന്നു.

സുജീത്ത് സംവിധാനം ചെയ്ത ചിത്രം യുവി ക്രിയേഷന്‍സും ടി സീരിസും ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ മഥിയാണ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും റിലീസ് ചെയ്തിരുന്നു.