'ആ ചിരി, ചിന്ത, വിശ്വാസം, എക്കാലത്തും ഹൃദയത്തില്‍ ഉണ്ടാവും'; സച്ചിയുടെ ഓര്‍മ്മകളില്‍ പൃഥ്വിരാജും ബിജു മേനോനും

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വിരാജും ബിജു മേനോനും. “”എല്ലായ്‌പ്പോഴും എന്റെ മനസിലും എക്കാലത്തും എന്റെ ഹൃദയത്തിലും ഉണ്ടാവും. എന്റെ സോള്‍മേറ്റ്, എന്റെ പ്രിയപ്പെട്ട സച്ചി, മിസ് യു മൈ ഫ്രണ്ട്”” എന്നാണ് ബിജു മേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

“”ആ ചിരി, ചിന്ത, കഥകള്‍, വിശ്വാസം, സച്ചി ഒരു വര്‍ഷം”” എന്നാണ് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 2020 ജൂണ്‍ 18ന് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സച്ചി വിട പറഞ്ഞത്. പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും സിനിമയാണ് സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത അവസാന ചിത്രം.

അതേസമയം, സച്ചി സംവിധാനം ചെയ്യാനിരുന്ന വിലായത്ത് ബുദ്ധ എന്ന സ്വപ്‌ന ചിത്രം പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പിലാണ് പൃഥ്വിരാജ്. സച്ചിയുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തു വിട്ടിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി സച്ചി അവസാനമായി ഒരുക്കിയ തിരക്കഥയാണ് വിലായത്ത് ബുദ്ധ. ഈ ചിത്രത്തിന്റെ പണിപ്പുരയിലിരിക്കെയാണ് സച്ചി ശസ്ത്രക്കിയക്ക് വിധേയനായതും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതും. ജി. ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ.

മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. ചിത്രത്തിന് തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്.