സംവിധായകന്‍ സച്ചി ഒരുക്കിയ അവസാനത്തെ ചിത്രം “അയ്യപ്പനും കോശിയും” ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ സംവിധായകന്റെ സ്വപ്‌നച്ചിത്രം “വിലായത്ത് ബുദ്ധ”യുമായി പൃഥ്വിരാജ്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആണ് പൃഥ്വിരാജ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. സച്ചിയുടെ അസോസിയേറ്റ് ആയിരുന്ന ജയന്‍ നമ്പ്യാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
പൃഥ്വിരാജിനെ നായകനാക്കി സച്ചി അവസാനമായി ഒരുക്കിയ തിരക്കഥയാണ് വിലായത്ത് ബുദ്ധ. ഈ ചിത്രത്തിന്റെ പണിപ്പുരയിലിരിക്കെയാണ് സച്ചി ശസ്ത്രക്കിയക്ക് വിധേയനായതും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതും. സെപ്റ്റംബര്‍ അവസാനത്തോടെയാണ് വിലായത്ത് ബുദ്ധ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുമെന്ന് പൃഥ്വിരാജ് അറിയിച്ചത്.
ജി. ആര്‍. ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ. മറയൂരിലെ കാട്ടില്‍ ഒരു ഗുരുവും അയാളുടെ കൊള്ളക്കാരനായ ശിഷ്യനും തമ്മില്‍ ഒരു അപൂര്‍വമായ ചന്ദനത്തടിക്ക് വേണ്ടി നടത്തുന്ന യുദ്ധത്തിന്റെ കഥയാണ് വിലായത്ത് ബുദ്ധ. ചിത്രത്തിന് തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ്.
ഉർവശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്തീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതമൊരുക്കുന്നു. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണവും മഹേഷ് നാരായണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.
കലാ സംവിധാനം- മോഹൻദാസ്, പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍- എസ്. മുരുകൻ,മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്റ്യൂം- സുജിത്ത് സുധാകരൻ, പി.ആർ.ഒ- പി. ശിവപ്രസാദ്, മഞ്ജു ഗോപിനാഥ്, എ.എസ് ദിനേശ്, വാഴൂർ ജോസ്.