ജോഷി- ജോജു ജോർജ് കൂട്ടുക്കെട്ടിലിറങ്ങിയ ആക്ഷൻ ത്രില്ലർ ചിത്രം ‘ആന്റണി’ക്കെതിരെ തീവ്ര ക്രൈസ്തവ സംഘടനയായ കാസ രംഗത്തുവന്നിരുന്നു. ചിത്രം മതവികാരം വൃണപ്പെടുത്തി എന്നായിരുന്നു കാസ ആരോപിച്ചിരുന്നത്. ചിത്രത്തിലെ ഒരു രംഗത്തിൽ ബൈബിളിനുള്ളിൽ തോക്ക് ഒളിപ്പിക്കുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്നായിരുന്നു കാസയുടെ ആരോപണം. ഇപ്പോഴിതാ വിഷയത്തിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുയാണ് ചിത്രത്തിന്റെ നിർമ്മാണ കമ്പനി.
ആന്റണി ഒരു സാങ്കൽപ്പിക സൃഷ്ടിയാണെന്നും ചിത്രത്തിലെ ഒരു രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും, അത് ഒരു തരത്തിലും അക്രമമോ സ്പർദ്ധയോ തൊടുത്തുവിടാൻ ഉള്ള ഉദ്ദേശത്തോടെ ഉൾപ്പെടുത്തിയിട്ടുള്ളതല്ലെന്നും ചിത്രത്തിന്റെ നിർമ്മാണ കമ്പനിയായ ഐൻസ്റ്റീൻ മീഡിയ അറിയിച്ചു.
“കലാ ആവിഷ്‌കാരത്തിലൂടെ ഹൃദയബന്ധങ്ങളുടെ ശക്തമായ ഒരു കഥ പറയാൻ ശ്രമിക്കുന്ന ഒരു സാങ്കൽപ്പിക സൃഷ്ടിയാണ് ‘ആന്റണി’. പ്രസ്തുത രംഗം, കഥാ സന്ദർഭത്തിന് ആവശ്യമെന്ന രീതിയിൽ തികച്ചും സിനിമാറ്റിക് ആയി മാത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ആ രംഗത്തിൽ ഉപയോഗിച്ചിട്ടുള്ള ആയുധം സ്വയം പ്രതിരോധത്തിന് വേണ്ടി മാത്രമാണ് ആ കഥാപാത്രം സൂക്ഷിക്കുന്നതെന്നും, അത് ഒരു തരത്തിലും അക്രമമോ സ്പർദ്ധയോ തൊടുത്തുവിടാൻ ഉള്ള ഉദ്ദേശത്തോടെ ഉൾപ്പെടുത്തിയിട്ടുള്ളതല്ല.
Read more
ഒരു ചലച്ചിത്ര നിർമ്മാണ കമ്പനി എന്ന നിലയിൽ നമ്മുടെ പ്രേക്ഷകർക്കുള്ളിലെ വൈവിധ്യമാർന്ന വിശ്വാസങ്ങളെ ഞങ്ങൾ അത്യധികം ആദരവോടെയാണ് നോക്കിക്കാണുന്നത്. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമ പ്രവർത്തകർ എന്ന നിലയിലും വിശ്വാസപരമായ കാര്യങ്ങൾ ഉൾപ്പെടുമ്പോൾ സംഭവിച്ചേക്കാവുന്ന അനന്തര ഫലങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നു. സർഗ്ഗാത്മക തത്ത്വങ്ങളും കലാപരമായ ലക്ഷ്യങ്ങളും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാവിയിൽ കൂടുതൽ ക്രിയാത്മകമായ സൃഷ്ടികൾ പ്രേക്ഷകരിലേക്കെത്തിക്കാൻ പരിശ്രമിക്കും.” എന്നാണ് നിർമ്മാണ കമ്പനിയായ ഐൻസ്റ്റീൻ മീഡിയ വിശദീകരണമറിയിച്ചത്.