‘അമ്മ’യുടെ തിരഞ്ഞെടുപ്പിനൊടുവില്‍ ബഹളവും പ്രതിഷേധവും. ബൈലോയെ ചൊല്ലിയാണ് തര്‍ക്കം ഉയര്‍ന്നത്. എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പമാണ് താരങ്ങളുടെ ചേരിതിരിഞ്ഞുള്ള ഒച്ചപ്പാടിന് വഴിവെച്ചത്.
നാല് വനിതകള്‍ ഭരണസമിതിയില്‍ വേണമെന്നാണ് ബൈലോയിലെ നിബന്ധന. എന്നാല്‍ മത്സരിച്ച അഞ്ച് വനിതകളില്‍ രണ്ട് പേര്‍ പരാജയപ്പെട്ടു. ഇതോടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച മൂന്നുപേരും തിരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷയായിരുന്നു.
എന്നാല്‍ വരണാധികാരിയായ അഡ്വ. കെ. മനോജ് ചന്ദ്രന്‍, അനന്യയും ഏഴ് നടന്മാരും ഉള്‍പ്പെടെ കൂടുതല്‍ വോട്ട് നേടിയ എട്ടുപേരുടെ പേര് പ്രഖ്യാപിച്ചശേഷം ബാക്കിയുള്ള മൂന്ന് സ്ഥാനങ്ങളിലേക്ക് വനിതകളെ കോ ഓപ്റ്റ് ചെയ്യും എന്ന് അറിയിക്കുകയായിരുന്നു.
ഇതോടെ ബാബുരാജ്, അനൂപ് ചന്ദ്രന്‍, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, ജയന്‍ ചേര്‍ത്തല തുടങ്ങിയവര്‍ എതിര്‍പ്പുയര്‍ത്തി. ഉഷ, പ്രിയങ്ക, സരയൂ, കുക്കു പരമേശ്വരന്‍ തുടങ്ങിയവരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ബഹളം ഉയരുകയായിരുന്നു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സരയൂ, അന്‍സിബ എന്നിവരെ തിരഞ്ഞെടുക്കണമെന്നും ബാക്കി ഒരാളെ കോ ഓപ്റ്റ് ചെയ്യാമെന്നുമായിരുന്നു ഇവരുടെയെല്ലാം നിര്‍ദേശം. പക്ഷേ, വരണാധികാരി ബൈലോയില്‍ ഉറച്ചുനിന്നു. രണ്ടുപേരും വോട്ട് നിലയില്‍ പിന്നിലാണെന്ന ന്യായമാണ് ഇദ്ദേഹം ഉന്നയിച്ചത്.
സരയൂവിന്റെയും അന്‍സിബയുടെയും പേരുകള്‍ കൈയടിച്ച് യോഗം പാസാക്കി. ബാക്കിയുള്ള ഒരു സ്ഥാനത്തേക്ക്, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റ കുക്കു പരമേശ്വരന്റെ പേര് ഉഷ നിര്‍ദേശിച്ചു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റ മഞ്ജു പിള്ളയുടെ പേരും ഉയര്‍ന്നുവന്നു. ഷീലു എബ്രഹാമിന്റെ പേരാണ് കുക്കു പരമേശ്വരന്‍ നിര്‍ദേശിച്ചത്.