699 രൂപയ്ക്ക് ഇനി 10 സിനിമകൾ കാണാം; സിനിമാപ്രേമികൾക്കായി സബ്‌സ്‌ക്രിപ്ഷന്‍ പ്ലാൻ അവതരിപ്പിച്ച് പിവിആര്‍ ഐനോക്‌സ്

തീയറ്ററുകളിലേക്ക് സിനിമ പ്രേമികളെ ആകർഷിക്കാനായി രാജ്യത്തെ ആദ്യത്തെ സിനിമ സബ്സ്ക്രിപ്ഷൻ പ്ലാനുമായി മൾട്ടിപ്ലക്‌സ് ഓപ്പറേറ്ററായ പിവിആര്‍ ഐനോക്‌സ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 699 രൂപയ്ക്ക് 10 സിനിമകള്‍ ആണ് ഒരു മാസത്തേക്ക് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്.

സിനിമ വ്യവസായത്തെ ഉത്തേജിപ്പിക്കുക, തീയറ്ററുകൾ പതിവായി സന്ദർശിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുക, തീയറ്റർ ഒക്യുപൻസി ലെവലുകൾ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള ആദ്യത്തെ സിനിമാ സബ്സ്ക്രിപ്ഷൻ പാസ് ആണിത്.

പ്രതിമാസ സബ്സ്ക്രിപ്ഷൻ പാസ് ഒക്ടോബർ 16 മുതൽ ലഭ്യമാകും. നിലവിൽ 699 രൂപയുടെ പ്രതിമാസ പ്ലാൻ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. എന്നാൽ ഈ പ്ലാൻ ദക്ഷിണേന്ത്യൻ ഭാഗങ്ങളിലും ഇൻസിഗ്നിയ, ഐമാക്സ് തുടങ്ങിയ പ്രീമിയം സ്ക്രീൻ ഫോർമാറ്റുകളിലും ഉടൻ ലഭ്യമാകില്ല.

പ്ലാൻ സബ്സ്ക്രൈബ് ചെയ്യുന്നവർ ഒരു ഗവണ്മെന്റ് ഐഡി കൈവശം വയ്‌ക്കേണ്ടതാണ്. ഉപഭോക്താവിൻ്റെ സിനിമാ താൽപ്പര്യങ്ങൾ അറിയാനായി കമ്പനി കാഴ്ചക്കാരുമായി ഇടപഴകുകയാണ് എന്നാണ് പിവിആർ ഐനോക്‌സ് ലിമിറ്റഡിന്റെ കോ-സിഇഒ ഗൗതം ദത്ത പറഞ്ഞത്.

പ്രതിമാസ പ്ലാനുകളുമായി പിവിആർ എത്തുമ്പോൾ എത്രത്തോളം വിജയിക്കും എന്ന ആശങ്കയും മറുവശത്തുണ്ട്. ഒടിടി പ്ലാറ്റുഫോമുകളെ പ്രതിരോധിക്കാനെന്ന തരത്തിലാണ് ഇപ്പോൾ പ്ലാൻ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ പല ഒടിടി പ്ലാറ്റുഫോമുകളിലും ഈ നിരക്കിൽ നിരവധി സിനിമകൾ കാണാൻ അവസരമുണ്ട് എന്നതാണ് ആശങ്കയിലാകുന്നത്.