പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്

പിവിആര്‍ തിയേറ്ററുകള്‍ സിനിമാ ടിക്കറ്റ് വിറ്റതിനേക്കാള്‍ കൂടുതല്‍ പണം നേടിയത് ഭക്ഷണം വിറ്റ വകയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. 2023-2024 വര്‍ഷത്തിലെ കണക്കുപ്രകാരം ഫുഡ് ആന്റ് ബീവറേജസ് വില്‍പ്പന 21% വര്‍ധിച്ചുവെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സിനിമാ ടിക്കറ്റ് വില്‍പ്പനയില്‍ 19 ശതമാനമാണ് വര്‍ധന. 1958 കോടിയാണ് പിവിആര്‍ തിയേറ്ററുകള്‍ കഴിഞ്ഞ വര്‍ഷം ഭക്ഷണസാധനങ്ങള്‍ വിറ്റ് നേടിയത്. അതിന് മുമ്പുള്ള വര്‍ഷത്തില്‍ 1618 കോടിയായിരുന്നു. സിനിമാ ടിക്കറ്റിനത്തില്‍ 2022-2023 കാലയളവില്‍ 2751 കോടി നേടിയപ്പോള്‍ 2023-2024ല്‍ അത് 3279 കോടിയായി വര്‍ധിച്ചു.

ഹിറ്റ് സിനിമകള്‍ കുറവായതിനാലാണ് ടിക്കറ്റ് വില്‍പ്പനയുടെ നിരക്കിനേക്കാള്‍ ഭക്ഷണ സാധനങ്ങള്‍ വിറ്റുപോയത് എന്നാണ് പിവിആര്‍ ഐനോക്സ് ഗ്രൂപ്പ് സിഎഫ്ഒ നിതിന്‍ സൂദ് പറയുന്നത് എന്നാണ് മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഇടയ്ക്ക് മലയാള സിനിമ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി പിവിആര്‍ രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം, ജയ് ഗണേഷ്, മഞ്ഞുമ്മല്‍ ബോയ്സ്, ആടുജീവിതം എന്നീ ചിത്രങ്ങള്‍ പിവിആറില്‍ ആദ്യം പ്രദര്‍ശിപ്പിച്ചിരുന്നില്ല. പിന്നീട് നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് പിവിആര്‍ വീണ്ടും മലയാള സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആരംഭിച്ചത്.