ആര്‍ ജെ മാത്തുക്കുട്ടി സംവിധായകനാകുന്നു; ഹാസ്യപ്രധാനമായ ക്യാമ്പസ് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍

നടനും അവതാരകനും ആര്‍ജെയുമായ മാത്തുക്കുട്ടി ഇനി സംവിധാനരംഗത്തും ഒരു കൈ പരീക്ഷിക്കാനൊരുങ്ങുകയാണ്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഹാസ്യപ്രധാനമായ ഒരു ചിത്രമാണ് മാത്തുക്കുട്ടി സംവിധാനം ചെയ്യുന്നതെന്നും ചിത്രത്തിനായി ദുല്‍ഖറിനെ സമീപിച്ചുവെന്നും ദുല്‍ഖര്‍ സമ്മതമറിയിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രത്തില്‍ അഭിനയിക്കുകയാണോ അതോ ചിത്രം നിര്‍മ്മിക്കുകയാണോ ദുല്‍ഖര്‍ എന്നതില്‍ സംശയമുണ്ട്. അടുത്തിടെ താന്‍ നിര്‍മ്മാതാവുകയാണെന്ന സൂചന ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു.

ദുല്‍ഖറിന്റെ ഏറ്റവും അടുത്തായി പുറത്തിറങ്ങിയ മലയാള ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയാണ്. ലല്ലു എന്ന തനിനാടന്‍ കഥാപാത്രമായി ദുല്‍ഖര്‍ എത്തുന്ന ചിത്രം നവാഗതനായ ബി സി നൗഫലാണ് സംവിധാനം ചെയ്തത്.ചിത്രത്തിന് തിരക്കഥഒരുക്കിയത് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ബ്ലോക്ക്ബസ്റ്ററുകള്‍ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്.

2017 ഒക്ടോബര്‍ അഞ്ചിനായിരുന്നു സോളോ റിലീസ് ചെയ്തത്. ഈ ചിത്രം പുറത്തിറങ്ങി 566 ദിവസങ്ങള്‍ക്കു ശേഷമാണ് യമണ്ടന്‍ പ്രേമകഥ റിലീസിനെത്തുന്നത്. സംയുക്ത മേനോന്‍, നിഖില വിമല്‍ എന്നിവരാണ് ചിത്രത്തില്‍ നായികാ വേഷങ്ങളില്‍ ്.

സലിം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍ എന്നിവരും അഭിനയിക്കുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്.ആന്റോ ജോസഫ്, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നാദിര്‍ഷ സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു പി സുകുമാറാണ്.