ഇത് എനിക്ക് ബഹുമതിയാണ്, കപില്‍ദേവിന് ഒപ്പം അഭിനയിക്കുന്നു; ട്വീറ്റുമായി രജനികാന്ത്, ആവേശത്തോടെ ആരാധകര്‍

രജനികാന്തിനൊപ്പം അഭിനയിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കപില്‍ ദേവും. രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ‘ലാല്‍ സലാം’ ചിത്രത്തില്‍ കപില്‍ ദേവും അഭിനയിക്കും. കപില്‍ ദേവിനൊപ്പം പ്രവര്‍ത്തിക്കുക എന്നത് എനിക്ക് ബഹുമതിയാണ് എന്നാണ് ചിത്രം പങ്കുവച്ച് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചത്.

വാനിറ്റി വാനിനുള്ളില്‍ രജനികാന്തിനൊപ്പം ക്ലിക്ക് ചെയ്ത ഒരു ചിത്രം കപില്‍ ദേവും പങ്കുവച്ചിട്ടുണ്ട്. ഇതോടെ ആരാധകരുടെ പ്രതീക്ഷ വര്‍ധിച്ചിരിക്കുകയാണ്. കപില്‍ ദേവ് കാമിയോ റോളില്‍ ചിത്രത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാല്‍ സലാമില്‍ രജനികാന്തും അതിഥി വേഷത്തിലാണ് എത്തുന്നത്.

രജനികാന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രമായാണ് രജനികാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കലാപകലുഷിതമായ തെരുവിലൂടെ നടന്നുവരുന്ന മൊയ്തീന്‍ ഭായിയെ ആണ് പോസ്റ്ററില്‍ കാണാനാവുക.

‘മൊയ്തീന്‍ ഭായി എത്തിക്കഴിഞ്ഞു, ആട്ടം ആരംഭം’ എന്നിങ്ങനെയാണ് പുറത്തിറങ്ങിയ രണ്ട് പോസ്റ്ററുകളിലെ വാചകങ്ങള്‍. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതും ഐശ്വര്യ തന്നെയാണ്. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് ചിത്രത്തില്‍ ടൈറ്റില്‍ റോളുകളില്‍ എത്തുന്നത്.

എ.ആര്‍ റഹ്‌മാനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ലാല്‍ സലാം ഈ വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത. ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം, ജയിലറിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. നെല്‍സണ്‍ ആണ് ചിത്രം ഒരുക്കുന്നത്.