സംഗീത നിര്‍മ്മാണത്തില്‍ മുഴുവനായും മനുഷ്യരെ ഒഴിവാക്കിയുള്ള പരീക്ഷണത്തിന് ഒരുങ്ങി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആര്‍ജിവി തന്റെ പുതിയ ചിത്രത്തില്‍ പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. ആര്‍ജിവി- ഡെന്‍ എന്ന സംഗീത ചാനലില്‍ മുഴുവന്‍ സംഗീതവും എഐ ചിട്ടപ്പെടുത്തിയതായിരിക്കും.
”എഐ ആപ്പുകള്‍ ഉപയോഗിച്ചുള്ള സംഗീതം മാത്രമുള്ള ആര്‍ജിവി-ഡെന്‍ ഞാനും എന്റെ പാര്‍ട്ടണര്‍ രവി വര്‍മ്മയും ചേര്‍ന്ന് തുടങ്ങുന്ന വിവരം അറിയിക്കട്ടെ. സാരി എന്ന പുതിയ ചിത്രത്തില്‍ എഐയാണ് മ്യൂസിക്ക് ചെയ്തിട്ടുള്ളത്. മറ്റൊരു അര്‍ത്ഥത്തില്‍ ഈ സിനിമയിലെ പാട്ടും പശ്ചാത്തല സംഗീതവും എല്ലാം എഐ ആണ്” എന്ന് ആര്‍ജിവി വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.
അതേസമയം, മലയാളിയും മോഡലുമായ ആരാധ്യ ദേവി എന്ന ശ്രീലക്ഷ്മി സതീഷിനെ നായികയാക്കിയാണ് ആര്‍ജിവി സാരി ഒരുക്കുന്നത്. നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങവെയാണ് ശ്രീലക്ഷ്മി തന്റെ പേര് മാറ്റിയത്.
ആര്‍ജിവി ആയിരുന്നു ഇക്കാര്യം പങ്കുവച്ചത്. ആരാധ്യ ദേവി എന്നാകും ഇനി മുതല്‍ ശ്രീലക്ഷ്മി അറിയപ്പെടുക. ഇന്‍സ്റ്റഗ്രാമിലും തന്റെ പേര് ആരാധ്യ എന്നാക്കി മാറ്റിയിട്ടുണ്ട്. അഞ്ച് ഭാഷകളില്‍ ചിത്രം റിലീസിനെത്തും. സാരിയുടുത്തുള്ള ശ്രീലക്ഷ്മിയുടെ റീല്‍ കണ്ടാണ് ആര്‍ജിവി നടിയെ തന്റെ സിനിമയില്‍ നായികയാക്കിയത്.
ഈ പെണ്‍കുട്ടി ആരെന്ന് അറിയാമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചിരുന്നു. പിന്നീടാണ് ഈ പെണ്‍കുട്ടി മലയാളി മോഡലാണെന്ന് ആര്‍ജിവി അറിയുന്നത്. പിന്നാലെ തന്റെ ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.