'രണ്ട്' ഉം 'മേപ്പടിയാന്‍' ഉം ഒരേ നാണയത്തിന്റെ മറുവശങ്ങള്‍!

കലാസൃഷ്ടികള്‍ സമൂഹത്തിലേക്ക് തിരിച്ചു വച്ച കണ്ണാടിത്തുണ്ടു പോലെ ആസ്വാദകരിലേക്ക് എത്തുമ്പോള്‍ വിവാദങ്ങള്‍ക്കെല്ലാമപ്പുറം വലിയ തിരിച്ചറിവുകള്‍ക്കും ചെറിയ മാറ്റങ്ങള്‍ക്കുമാണ് തുടക്കം കുറിക്കാറുള്ളത്. ഇത്തരത്തില്‍ മലയാള സിനിമ ലോകത്ത് കാലിക പ്രസക്തമായ വിഷയങ്ങള്‍ പ്രമേയമാക്കി ഇറങ്ങുന്ന സിനിമകള്‍ എല്ലാം തന്നെ വലിയ ചര്‍ച്ചകളിലേക്കും വിവാദങ്ങളിലേക്കും ചെന്നെത്തുന്നത് കാണാന്‍ സാധിക്കും. അടുത്തിടെ ഇറങ്ങിയ മേപ്പടിയാന്‍ പലവിധ വിമര്‍ശനങ്ങള്‍ക്കിടയിലും മലയാളികളെ ഏറെ ചിന്തിപ്പിച്ചപ്പോള്‍ വലിയ ചര്‍ച്ചയാവാതെ പോയ മലയാള ചിത്രമാണ് ‘രണ്ട്’.

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയും സംഭാഷണവും സംവിധാനവുമെല്ലാം നിര്‍വഹിച്ച ‘മേപ്പടിയാന്‍’ ഉം വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാല്‍ തയ്യാറാക്കിയ ‘രണ്ട്’ ഉം ഇന്നത്തെ കാലഘട്ടത്തെ പറ്റി തുറന്നു കാണിച്ച ഗൗരവമേറിയ ചിത്രങ്ങളാണ്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച ഒരു റിയലിസ്റ്റിക് ഫാമിലി ത്രില്ലറായി മേപ്പടിയാന്‍ എത്തിയപ്പോള്‍ പലരും പറയാന്‍ മടിക്കുന്ന വിഷയം അതിന്റെ ഗൗരവം ചോര്‍ന്നു പോകാതെ അവതരിപ്പിച്ച ചിത്രമാണ് ‘രണ്ട്’ . ബിനുലാല്‍ ഉണ്ണിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

മേപ്പിടിയാനില്‍ ഒരു മെക്കാനിക് ഷോപ്പ് നടത്തി ജീവിക്കുന്ന തീര്‍ത്തും സാധാരണക്കാരനായ ജയകൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും അധ്വാനിച്ച് സമാധാനമായി ജീവിക്കുന്ന ചെറുപ്പക്കാരനെ ഒരു വസ്തുക്കച്ചവടത്തില്‍ ഉള്‍പ്പെടുത്തുന്നതും തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന വഴിത്തിരിവുകളുമാണ് ചിത്രത്തിന്റെ പ്രമേയം.

Meppadiyan Movie Review: A suspenseful everyman's story

കാര്യങ്ങള്‍ പഠിക്കാതെ പെട്ടെന്ന് പണമുണ്ടാക്കുന്നതിനായി എന്തു വിഷയത്തിലും തലയിടുന്ന മലയാളികളുടെ പൊതുസ്വഭാവത്തെയും, മുങ്ങി താഴുന്നവനെ ചവിട്ടിത്താഴ്ത്തുന്ന ചൂഷണങ്ങളുടെ നേര്‍ക്കാഴ്ച്ചയും ചിത്രം നല്‍കുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പോരായ്മകളെയും വ്യക്തമായി വിമര്‍ശിക്കുന്ന ചിത്രം ഏതൊരു സാധാരണക്കാരനും സ്വന്തം അനുഭവങ്ങളുമായി റിലേറ്റ് ചെയ്യാന്‍ സഹായിക്കും. ഇന്ദ്രന്‍സിന്റെ മുസല്‍മാനായ കഥാപാത്രം ഹിന്ദുവായ നായകന്റെ ഭൂമി തട്ടിയെടുക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കൊണ്ട് തന്നെ ചിത്രം കൊളുത്തി വിട്ട രാഷ്ട്രീയ വിവാദവും ചെറുതല്ല.

മേപ്പടിയാനില്‍ ചുറ്റുമുള്ള എല്ലാവരും നായകന്റെ നിസ്സഹായതയെ ചൂഷണം ചെയ്ത് സ്വാര്‍ത്ഥ ലാഭങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പെണ്‍കുട്ടിയുടെ കല്ല്യാണം നടത്തുന്നതിനായി ഭൂമി വില്‍ക്കാന്‍ ശ്രമിച്ച് പ്രശ്നങ്ങളിലായ കുടംബത്തേയും ചിത്രം പരിചയപ്പെടുത്തുന്നു. പെണ്‍കുട്ടികളെ കെട്ടിച്ചയക്കാന്‍ ഉള്ളതെല്ലാം വിറ്റു പെറുക്കി കടക്കെണിയിലാവുന്ന മലയാളികളെപ്പറ്റിയും ചിത്രം സൂചനകള്‍ തരുന്നുണ്ട്. അനാവശ്യ ഫൈറ്റുകളും ഡ്രാമകളുമില്ലാതെ വളരെ റിയലിസ്റ്റിക്കായി പോകുന്ന ചിത്രം ട്വിസ്റ്റുകള്‍ കൊണ്ട് കാണികളെ ഹരം കൊള്ളിക്കുന്നുണ്ട്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, കോട്ടയം രമേശ്, മേജര്‍ രവി, ശ്രീജിത്ത് രവി, പോളി വല്‍സന്‍ എന്നിവര്‍ അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്.

Randu Movie (Jan 2022) - Trailer, Star Cast, Release Date | Paytm.com

എന്നാല്‍ ഒരു നാട്ടിന്‍പുറത്തെുകാരനായ ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതത്തില്‍ മതപരമായും രാഷ്ട്രീയപരമായും കടന്നു വരുന്ന വലിയ പ്രതിസന്ധികളെ തുറന്നു കാട്ടുന്ന ചിത്രമാണ് ‘രണ്ട്’. മുസ്ലിം പള്ളിയും, അമ്പലവും കേന്ദ്രീകരിച്ച് ആ നാട്ടിലെ ജനങ്ങളുടെ വിശ്വാസങ്ങളിലൂടെയും രാഷ്ട്രീയത്തിലൂടെയും കാഴ്ച്ചക്കാരനെ കൊണ്ടു പോകുന്ന ചിത്രം മതസൗഹാര്‍ദ്ദം ഒരു വലിയ സന്ദേശമായി നല്‍കാനും ശ്രമിച്ചിട്ടുണ്ട്. പുറമെയുള്ള സൗഹൃദത്തിനുമപ്പുറം ഉള്ളിന്റെ ഉള്ളില്‍ മതവും വര്‍ഗ്ഗീയതയും സൂക്ഷിക്കുന്ന മലയാളികളുടെ മുഖംമൂടിയാണ് ചിത്രം അഴിച്ചു കാണിച്ചു തരുന്നത്.

രാഷ്ട്രീയ ലാഭത്തിന് വേണ്ടി സാധാരണക്കാരനേയും അവന്റെ പ്രശ്നങ്ങളേയും ഏറ്റെടുത്ത് മുതലെടുക്കുന്ന പാര്‍ട്ടികളേയും ചിത്രം വിമര്‍ശിക്കുന്നുണ്ട്.നിഷ്‌കളങ്കരായ മനുഷ്യരുടെ അബദ്ധങ്ങള്‍ക്ക് മതപരമായ മാനങ്ങള്‍ നല്‍കി അവരെ തീര്‍ത്തും ഒറ്റപ്പെടുത്തിയും പ്രശ്നത്തെ ഊതിപ്പെരുപ്പിച്ച് നാടിനെ മൊത്തം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന ആളുകളുടെ ചിന്താഗതികളെയാണ് ചിത്രം ചോദ്യം ചെയ്തത്.

പേരില്‍ തന്നെ പ്രമേയം കൊണ്ടുവന്ന ചിത്രം ക്ലൈമാക്സ് സീനിലൂടെ വര്‍ഗ്ഗീയത മനസില്‍ സൂക്ഷിക്കുന്ന മലയാളികളുടെ മുഖത്ത് കനത്ത പ്രഹരമാണ് നല്‍കുന്നത്. നായകനായ വിഷ്ണുവിനൊപ്പം അന്ന രേഷ്മ രാജന്‍, സുധി കോപ്പ, ടിനി ടോം, ഇര്‍ഷാദ്, കലാഭവന്‍ റഹ്‌മാന്‍ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

Read more

രണ്ടു ചിത്രങ്ങളും മലയാളികളുടെ സ്വാര്‍ത്ഥതയും വര്‍ഗ്ഗീയതും പ്രേക്ഷകനു മുന്നില്‍ ചര്‍ച്ചയ്ക്കു വയ്ക്കുമ്പോള്‍ റിയലിസ്റ്റിക്കായിട്ടുള്ള കലാസൃഷ്ടികളെ അവര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതാണ് കണ്ടത്. വലിയ കോലാഹലങ്ങള്‍ ഉണ്ടായെങ്കിലും മേപ്പടിയാന്‍ നല്ല രീതിയില്‍ തന്നെ സിനിമാപ്രേമികള്‍ ആസ്വദിക്കുകയായിരുന്നു. ‘രണ്ട്’ ന് അത്ര വലിയ സ്വീകാര്യത കിട്ടിയില്ലെങ്കിലും രണ്ടു സിനിമകളും മുന്നോട്ടു വച്ച ആശയം ഈ കാലഘട്ടത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.