കേരളത്തെ മറക്കാനാവില്ല.. വയനാടിന് രശ്മികയുടെ കരുതല്‍; പത്ത് ലക്ഷം ധനസഹായം നല്‍കി താരം

വയനാട് മഹാദുരന്തത്തില്‍ കൈത്താങ്ങായി നടി രശ്മിക മന്ദാന. അടിയന്തര സഹായമായി 10 ലക്ഷം രൂപ നടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കേരളത്തില്‍ ഒരുപാട് ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. വയനാട് ദുരന്തത്തില്‍ തന്റെ ദുഃഖം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രശ്മിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

ഈയടുത്ത ദിവസം രശ്മിക കേരളത്തില്‍ എത്തിയിരുന്നു. കരുനാഗപ്പള്ളിയില്‍ ഒരു കടയുടെ ഉദ്ഘാടനത്തിന് ആയിരുന്നു രശ്മിക എത്തിയത്. അതേസമയം, കഴിഞ്ഞ ദിവസം നടന്‍ ചിയാന്‍ വിക്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കി മുന്നോട്ട് വന്നിരുന്നു.

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തകരെ തിരിച്ചിറക്കിയിരിക്കുകയാണ്. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്തും കനത്ത മഴ പെയ്യുകയാണ്.

പ്രതികൂല കാലാവസ്ഥയിലും ചൂരല്‍ മലയിലെ ബെയ്ലി പാലം നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആര്‍മിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂരല്‍മല സന്ദര്‍ശിച്ചു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ചൂരല്‍മലയില്‍ സന്ദര്‍ശനം നടത്തി. കെസി വേണുഗോപാല്‍, വിഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രാഹുലും പ്രിയങ്കയും ചൂരലമലയിലെ രക്ഷാപ്രവര്‍ത്തനം നടക്കുന്ന സഥലങ്ങള്‍ സന്ദര്‍ശിച്ചത്.

Read more