ആ സീനൊക്കെ ഒറ്റ് ടേക്കില്‍ എടുത്തതാണ്.. പരാജയപ്പെട്ടിരുന്ന സമയത്ത് ദിലീപിന് കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ആ സിനിമ: പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

പഞ്ചാബി ഹൗസും രമണനും മുതലാളിയും ഉണ്ണിയുമൊക്കെ ട്രോളന്‍മാരുടെ പ്രധാന ഇരകളാണ്. 1998ല്‍ പുറത്തിറങ്ങിയ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കോമഡി ചിത്രങ്ങളില്‍ ഒന്നാണ് പഞ്ചാബി ഹൗസ്. ദിലീപിന്റെ സിനിമകള്‍ പരാജയപ്പെടുന്ന സമയത്ത് ലഭിച്ച കച്ചിത്തുരുമ്പാണ് പഞ്ചാബി ഹൗസ് എന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ രാജന്‍ മണക്കാട് പറയുന്നത്.

പഞ്ചാബി ഹൗസിലേക്ക് ക്ഷണം ലഭിക്കുന്ന സമയത്ത് ദിലീപിന്റെ നിരവധി സിനിമകള്‍ പരാജയമായി നഷ്ടത്തിലായിരുന്നു. അപ്പോഴാണ് ഈ അവസരം വരുന്നത്. അന്ന് അദ്ദേഹം ആലുവയിലാണ് താമസിക്കുന്നത്. ഷൂട്ടിംഗിന് വേണ്ടി അവിടെ നിന്ന് ഏഴുപുന്ന വരെ വരും.

ഹോട്ടലിലൊന്നും താമസിക്കില്ല. രാവും പകലും പഞ്ചാബി ഹൗസിന് വേണ്ടി അദ്ദേഹം നന്നായി പ്രയത്‌നിച്ചു. അതിനുള്ള ഫലമാണ് പഞ്ചാബി ഹൗസിന് ലഭിച്ച വിജയം. ആ പടത്തിലൂടെ മുന്‍നിര നായകന്മാര്‍ക്കൊപ്പം എത്താനും ശ്രദ്ധ നേടാനും ദിലീപിന് കഴിഞ്ഞു.

പഞ്ചാബി ഹൗസിന്റെ വിജയം അദ്ദേഹത്തിന്റെ തന്നെ വിജയമായിരുന്നു. എന്തെങ്കിലും കാട്ടി കൂട്ടി ചിരിപ്പിക്കാന്‍ വേണ്ടി കോമഡി ചെയ്യുന്ന രീതിയല്ല ദിലീപിന്റെത്. മാനറിസത്തിലും ഡയലോഗിലും അദ്ദേഹം അത് സ്വാഭാവികമായി കൊണ്ടുവരും.

അതുപോലെ ദിലീപ് ഹരിശ്രീ അശോകനെ മൊന്ത എറിയുന്ന സീന്‍ ഒറ്റ ടേക്കില്‍ എടുത്തതാണ്. തുടക്കത്തില്‍ തന്നെ ഒറ്റ ടേക്കില്‍ സംഭവം ഓക്കെ ആക്കണമെന്ന് സംവിധായകന്‍ ആദ്യം തന്നെ പറഞ്ഞിരുന്നു. അത് അവര്‍ നന്നായി തന്നെ ചെയ്തു എന്നാണ് രാജന്‍ മണക്കാട് പറയുന്നത്.