ആരും ചുവടുവെച്ചു പോകും; അജഗജാന്തരത്തിലെ 'ഒളുളേരു' റീക്രിയേറ്റ് ചെയ്ത് റോഷ്‌നാ ആന്‍ റോയ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘അജഗജാന്തരം’ ചിത്രത്തിലെ ‘ഒളുളേരു’ എന്ന ഗാനം റീക്രിയേറ്റ് ചെയ്ത് നടി റോഷ്‌നാ ആന്‍ റോയ്. വിസ്മയിപ്പിക്കുന്ന നിറങ്ങളും കോസ്റ്റ്യുമുകളുമായി, ത്രസിപ്പിക്കുന്ന ചുവടുകളോടു കൂടിയ റീക്രിയേഷന്‍ വീഡിയോ ഇതിനകം ശ്രദ്ധ നേടിയിരിക്കുകയാണ്. വിസ്മയിപ്പിക്കുന്ന ഡാന്‍സ് വീഡിയോയുടെ കൊറഖിയോഗ്രാഫി ഡി ഫോര്‍ ഡാന്‍സ് ഫെയിം ഷുഹൈദ് കുക്കു ആണ്.

ഡാന്‍സ് വീഡിയോയില്‍ റോഷ്നയ്‌ക്കൊപ്പം ദീപ പോള്‍, സ്മിത പയസ്, ജിഷ ജോര്‍ജ്, സുചിത്ര, സാന്ദ്ര മോഹന്‍ എന്നിവരുമുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ വരുന്ന ഗാനത്തിന്റെ റീല്‍സ് ചാലഞ്ചിന് തുടക്കം കുറിക്കുന്ന വീഡിയോ കൂടിയാണിത്. 6 ദിവസം കൊണ്ട് 1.5 മില്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്ന ഗാനത്തിന് ഏറെ സ്വീകാര്യതയാണുള്ളത്. ഗാനത്തിന്റെ റീല്‍സും ഷോര്‍ട്‌സും വൈറലാണ്.

ആവിഷ്‌കാരത്തിലെ വ്യത്യസ്തതയോടൊപ്പം മാവിലന്‍ ട്രൈബല്‍ കമ്മ്യൂണിറ്റിയുടെ നാടന്‍ പാട്ടിനോടൊപ്പമുള്ള ട്രാന്‍സ് താളമാണ് ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത്. ഒരിടവേളയ്ക്ക് ശേഷം തിയേറ്ററുകള്‍ തുറക്കുമ്പോള്‍ എല്ലാം മറന്ന് ആടിത്തിമിര്‍ക്കാനുമുള്ള ചേരുവകളുമായാണ് അജഗജാന്തരം എത്തുക. ‘ഒളുളേരു’ എന്ന നാടന്‍ പാട്ടിനെ ട്രാന്‍സ് താളത്തിനൊപ്പം ഇണക്കിച്ചേര്‍ത്തത് സംഗീതസംവിധായകനായ ജസ്റ്റിന്‍ വര്‍ഗീസാണ്.

മലയാളത്തില്‍ ഇന്നോളം കാണാത്ത ഗംഭീര ആക്ഷന്‍ സീക്വന്‍സുകളുമായി ഒരുങ്ങുന്ന അജഗജാന്തരം ആന്റണി വര്‍ഗീസിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്. ഉത്സവപ്പറമ്പിലേയ്ക്ക് ഒരു ആനയും പാപ്പാനും ഒപ്പം ഒരു കൂട്ടം യുവാക്കളും എത്തുന്നതും തുടര്‍ന്നവിടെ 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ആകാംഷ നിറഞ്ഞ സംഭവങ്ങള്‍ ആണ് ചിത്രത്തിന്റെ പ്രമേയം.

ആന്റണി വര്‍ഗീസിനൊപ്പം അര്‍ജുന്‍ അശോകന്‍, ചെമ്പന്‍ വിനോദ് ജോസ്, ജാഫര്‍ ഇടുക്കി, രാജേഷ് ശര്‍മ, സാബു മോന്‍, ടിറ്റോ വില്‍സണ്‍, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, കിച്ചു ടെല്ലസ്, ലുക്മാന്‍, ശ്രീരഞ്ജിനി തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം സില്‍വര്‍ ബേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എമ്മാനുവല്‍ ജോസഫും അജിത് തലാപ്പിള്ളിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.