പേര് വിവാദത്തില്‍പെട്ട മലയാള ചിത്രം ‘ജയിലറി’ന് തിയേറ്റര്‍ നിഷേധിച്ചതിനാല്‍ ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരം നടത്തുമെന്ന് സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഫെയ്‌സ്ബുക്കിലെ സിനിമാ ഗ്രൂപ്പായ സിനിഫൈലിലാണ് സക്കീര്‍ മഠത്തില്‍ സമരത്തിനൊരുങ്ങുന്ന വിവരം പങ്കുവച്ച് എത്തിയത്. രജനികാന്തിന്റെ ‘ജയിലര്‍’ ചിത്രത്തിനൊപ്പം ഓഗസ്റ്റ് 10ന് ആണ് ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ജയിലറും പ്രഖ്യാപിച്ചത്.
തങ്ങളാണ് സിനിമയുടെ പേര് ആദ്യം രജിസ്റ്റര്‍ ചെയ്തതെന്നും രജനി ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ സണ്‍ പിക്‌ചേഴ്‌സ് സമ്മതിച്ചില്ലെന്നും സക്കീര്‍ മഠത്തില്‍ പ്രസ് മീറ്റില്‍ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ തന്നോട് സിനിമയുടെ പേര് മാറ്റണം എന്നാണ് സണ്‍ പിക്‌ചേഴ്‌സ് പറഞ്ഞത്. ഈ കേസ് ഇപ്പോള്‍ കോടതിയിലാണ്.
സംവിധായകന്റെ കുറിപ്പ്:
ഹായ്. ഞാന്‍ ‘ജയിലര്‍’ സിനിമയുടെ സംവിധായകനാണ്. സക്കീര്‍ മഠത്തില്‍. ധ്യാന്‍ ശ്രീനിവാസന്‍ നായകനായ എന്റെ സിനിമയ്ക്ക് തിയേറ്ററുകള്‍ നിഷേധിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ.. അതിന് എതിരെ ഇന്ന് വൈകിട്ട് 3 മണിക്ക് എംജി റോഡിലുള്ള ഫിലിം ചേമ്പറിന് മുന്നില്‍ ഞാന്‍ ഒറ്റയാള്‍ സമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്..
തമിഴ് സിനിമകളുടെ ആധിപത്യത്തിനിടയില്‍ മലയാള സിനിമ ശ്വാസം മുട്ടുന്നു.. നമുക്കും വേണ്ടേ റിലീസുകള്‍…. എന്നിങ്ങനെയുള്ള കാര്യങ്ങളെ ഊന്നി കൊണ്ടാണ് സമരം. ഈ വിവരം ഇവിടെ ഉള്ള സിനിമ സ്‌നേഹികളുടെ മുന്നിലേക്ക് അറിയിക്കാന്‍ വന്നതാണ്. നന്ദി.