വിഖ്യാത സംവിധായകൻ കെ. ജി ജോർജിന്റെ മരണത്തെ തുടർന്ന് നിരവധി വിവാദങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അവസാന കാലത്ത് കുടുംബം നോക്കിയില്ലെന്നും വയോജന കേന്ദ്രത്തിൽ ആക്കിയെന്നുമുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യ സൽമ ജോർജ്.
ഡോക്ടർ അടക്കമുള്ള സൗകര്യങ്ങൾ ഉള്ളതുകൊണ്ടാണ് സിഗ്നേച്ചർ എന്ന സ്ഥാപനത്തിലാക്കിയതെന്നും, മരിക്കുന്നതുവരെ അദ്ദേഹത്തെ നല്ല രീതിയിലാണ് നോക്കിയതെന്നും മറ്റ് വ്യാജപ്രചരണങ്ങൾ തെറ്റാണെന്നും സൽമ പറഞ്ഞു.
“സുഖവാസത്തിനല്ല ഞാൻ ഗോവയിലേക്ക് പോയത്. മകൻ അവിടെയാണ് താമസിക്കുന്നത്. മകൾ ദോഹയിലാണ്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് കഴിയാൻ സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ മകനോടൊപ്പം ഗോവയിലേക്ക് പോയത്. സിഗ്നേച്ചർ എന്ന സ്ഥാപനത്തിൽ ഡോക്ടർമാരും, ഫിസിയോതെറാപ്പിയും ഒക്കെയുണ്ട്. പിന്നെ ഞങ്ങൾക്കും ജീവിക്കണ്ടേ…
പക്ഷാഘാതം വന്നതുകൊണ്ട് എനിക്ക് അദ്ദേഹത്തെ ഒറ്റയ്ക്ക് പൊക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് അവിടെ ആക്കിയത്. എല്ലാ ആഴ്ചയിലും ഭക്ഷണമടക്കം കൊടുത്തുവിടുമായിരുന്നു.
” കുരയ്ക്കുന്ന പട്ടിയുടെ വായ അടപ്പിക്കാൻ ആവില്ലല്ലോ, എല്ലാവരും വളരെ മോശമായി യൂട്യൂബിലൊക്കെ എഴുതി. സ്വത്ത് മുഴുവൻ കറിവേപ്പില പോലെ തള്ളി എന്നൊക്കെയാണ് പലരും എഴുതിയത്. ജോർജേട്ടൻ നല്ല പടങ്ങളൊക്കെ ചെയ്തു, പക്ഷേ അഞ്ച് കാശ് പുള്ളിയുണ്ടാക്കിയില്ല. അതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല. ഞാനും മക്കളും ദൈവത്തെ മുൻ നിർത്തിയാണ് ജീവിച്ചത്.
Read more
അദ്ദേഹം മരിക്കുന്നതുവരെ നല്ലൊരു ഭർത്താവായിരുന്നു. ഒരു ഹൊറർ പടം ചെയ്യണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അത് മാത്രം നടന്നില്ല. മരിച്ചു കഴിഞ്ഞാൽ കുഴിച്ചിടരുത്, ദഹിപ്പിക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അത് പോലെ നടത്തികൊടുത്തു.” ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ സൽമ ജോർജ് പറഞ്ഞു