രതീഷ് പൊതുവാളിനെതിരെ കേസ് കൊടുക്കാത്തത് ഈ കാരണം കൊണ്ട് മാത്രം; വെളിപ്പെടുത്തലുമായി നിർമ്മാതാവ് സന്തോഷ്. ടി. കുരുവിള

സമീപകാലത്ത് മലയാള സിനിമയിൽ സാമ്പത്തിക വിജയം നേടുന്നതിനോടൊപ്പം കലാമൂല്യങ്ങളുള്ള സിനിമകളും നിർമ്മിക്കുന്നത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നിർമ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, നാരദൻ, ആർക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.

ഇപ്പോഴിതാ ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സംവിധായകൻ രതീഷ് ബാലകൃഷണ പൊതുവാളിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ആ സിനിമയുടെ നിർമ്മാതാവ് കൂടിയായ സന്തോഷ് ടി കുരുവിള. ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ സ്പിൻ ഓഫ് ആയി മറ്റൊരു സിനിമ വരുന്നത് താൻ അറിഞ്ഞിട്ടിലെണാണ് സന്തോഷ് ടി കുരുവിള പറയുന്നത്.

“സിനിമയിൽ എനിക്ക് കൂടുതലും നല്ല ഓർമ്മകളാണുള്ളത്. പറയാനാണെങ്കിൽ ഒരു ചീത്ത ഓർമ്മ ഇപ്പോൾ നിലവിലുണ്ട്. ഞാൻ നിർമ്മിച്ച ‘ന്നാ താൻ കേസ് കൊട്’ സിനിമയുടെ സ്പിൻ ഓഫ് എന്ന പേരിൽ മറ്റൊരു സിനിമയുടെ ഷൂട്ടിപ്പോൾ നടക്കുന്നുണ്ട്. രതീഷ് ബാലകൃഷ്ണ പൊതുവാൾ തന്നെയാണ് അതിന്റേയും സംവിധായകൻ. പക്ഷേ എന്നോടിതുവരെ അതിനെ പറ്റിയൊരു വാക്ക് പോലും ആരും പറഞ്ഞിട്ടില്ല. സിനിമ എടുത്തോടെ എന്ന് എന്നോട് ചോദിച്ചിട്ടില്ല. ഞാൻ പൈസ മുടക്കി എഴുതിപ്പിച്ച് അദ്ദേഹത്തിന് പൈസ കൊടുത്ത സിനിമയിൽ നിന്നും സ്പിൻ ഓഫ് ചെയ്യുമ്പോൾ എന്നോടിതുവരെ ആ ചിത്രത്തിനെ പറ്റി ഒരു സൂചന പോലും തന്നില്ല. അവർ സിനിമയെടുത്തോട്ടെ, താരങ്ങൾ അഭിനയിച്ചോട്ടെ, അതിലൊന്നും എനിക്ക് പ്രശനമില്ല.

കഴിഞ്ഞ ദിവസമാണ് ഈ വാർത്ത ഞാനറിഞ്ഞത്. സത്യം പറഞ്ഞാൽ അതെനിക്ക് വേദനയുണ്ടാക്കി. പക്ഷേ എനിക്ക് വേദനയുണ്ടെന്ന് വെച്ച് അവർക്ക് സിനിമ ചെയ്യാതിരിക്കാൻ പറ്റിലല്ലോ. എന്നോട് ഒരുപാട് ആളുകൾ അതിനെതിരെ കേസ് കൊടുക്കാൻ പറഞ്ഞിരുന്നു. കേസിന് പോയാൽ തീർച്ചയായും ഞാൻ വിജയിക്കുമെന്ന് ഉറപ്പുണ്ട്. പ്രൊഡ്യൂസേഴ്സ് അസ്സോസിയേഷനിൽ പരാതി കൊടുക്കാനും, വക്കീലിനെ വെക്കാനും ഒരുപാട് ആളുകൾ പറഞ്ഞു. പക്ഷേ ആ ചിത്രത്തിന്റെ നിർമ്മാതാവിന്റെ പണവും അണിയറ പ്രവർത്തകരുടെ അധ്വാനവുമെല്ലാം ആ സിനിമയിലുമുണ്ട്.

നാളെ ചിലപ്പോൾ ‘ഏലിയൻ അളിയൻ’ എന്ന പേരിൽ രതീഷ് തന്നെ എഴുതി എന്റെ അടുത്ത് രജിസ്റ്റർ ചെയ്തിട്ടിരിക്കുന്ന ചിത്രം വേറൊരാളോടൊപ്പം ചെയ്യുമായിരിക്കും. പക്ഷേ ഒരിക്കലും ഞാൻ അതെടുക്കാൻ അനവദിക്കില്ല. ഞാൻ പൈസ മുടക്കി എഴുതിപ്പിച്ച് രജിസ്റ്റർ ചെയ്തിട്ടിരിക്കുന്നതാണത്. ആ സിനിമ ചിലപ്പോൾ സംഭവിച്ചേക്കാം.” സില്ലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് കുരുവിള ഇങ്ങനെ പറഞ്ഞത്.

അതേസമയം ആരോപണത്തെ പറ്റി സംവിധായകൻ രതീഷ് പൊതുവാൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘സുരേശന്റെയും സുമലതയുടെയും ഹൃദയ ഹാരിയായ പ്രണയകഥ’ എന്ന ചിത്രമാണ് സന്തോഷ് ടി കുരുവിള പറഞ്ഞ ആ സ്പിൻ ഓഫ് ചിത്രം.
ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഏതെങ്കിലും ഒരു സിനിമയിലെ നായിക നായകന്മാരല്ലാതെയുള്ള പ്രത്യേക കഥാപാത്രങ്ങളെ വെച്ചൊരുക്കുന്ന സിനിമകളെയാണ് സ്പിന്‍ ഓഫ് എന്ന് വിളിക്കുന്നത്.പയ്യന്നൂരും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് നടന്നു വരുന്നത്. രാജേഷ് മാധവനും ചിത്ര നായരുമാണ് ഈ ചിത്രത്തില്‍ സുരേശനും സുമലതയുമാകുന്നത്.

Read more

Director's perfect love glance sets hearts aflutter in 'Sureshinteyum Sumalathayudeyum Hridayahariyaya Pranayakadha' | Onmanorama