തെരുവിൽ ഭക്ഷണം വിതരണം ചെയ്യുന്ന സാറ; 'വിനയ് ഫോർട്ട്' ഇതൊക്കെ പണ്ടേ ഇറക്കിയതാണെന്ന് മലയാളികൾ; ട്രോൾ വീഡിയോ വൈറൽ

തെരുവിൽ ഭക്ഷണം വിതരണം ചെയ്യുന്ന ബോളിവുഡ് താരം സാറ അലി ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മുംബൈയിലെ റോഡരികിലുള്ള പാവപ്പെട്ടവർക്കാണ് സാറ ഭക്ഷണം വിതരണം ചെയ്തത്.

താരത്തെ അനുകൂലിച്ചും ട്രോളിയും നിരവധി ആളുകളാണ് വീഡിയോക്ക് പിന്നാലെ എത്തിയത്. വഴിയാത്രക്കാരും പാപ്പരാസികളും സാറയുടെ വീഡിയോ എടുത്തതോടെ സാറ അവരോട് കയർത്തു സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ദയവ് ചെയ്ത് ഇങ്ങനെ ചെയ്യല്ലേ, ഫോട്ടോ എടുക്കല്ലേ എന്നാണ് സാറ വീഡിയോയിൽ പറയുന്നത്.

അഭിനന്ദത്തോടൊപ്പം തന്നെ ഇതൊക്കെ താരങ്ങളുടെ പി. ആർ വർക്കിന്റെ ഭാഗമാണെന്ന വിമർശനവും ഉയർന്നുവരുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ, ‘മോഹൻകുമാർ ഫാൻസ്’ എന്ന മലയാള ചിത്രത്തിലെ രസകരമായ ഒരു രംഗം വെച്ച് സാറയെ ട്രോളുകയാണ് ചില മലയാളികൾ. ‘ഇതൊക്കെ വിനയ് ഫോർട്ട് പണ്ടേ ഇറാക്കിയതാ’ എന്നൊക്കെയാണ് സാറയ്ക്കെതിരെ വരുന്ന കമന്റുകൾ. ചിത്രത്തിൽ ആഘോഷ് മേനോൻ എന്ന സൂപ്പർതാരമായാണ് വിനയ് ഫോർട്ട് എത്തിയത്.

റോഡരികിൽ കഴിയുന്നവർക്ക് പർദയിട്ട് മുഖം മറച്ച് ഭക്ഷണം വിതരണം ചെയ്യാനെത്തുന്ന ആഘോഷ് മേനോനെ നാട്ടുകാർ പെട്ടെന്ന് തന്നെ തിരിച്ചറിയുകയും തടഞ്ഞുവെച്ച് വീഡിയോ എടുക്കുകയും ചെയ്യുന്നു. താരങ്ങളും മനുഷ്യരാണെന്നും എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യണമെന്നുമുള്ള ആഘോഷിന്റെ വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ഈ ദൃശ്യം ആലിയാ ഭട്ടും രോഹിത് ശർമയും ഉൾപ്പെടെയുള്ളവർ എക്സിൽ പങ്കുവെക്കുകയും, ശേഷം വീഡിയോ എടുത്തവരും വിനയ് ഫോർട്ടിന്റെ കഥാപാത്രവും തങ്ങളുടെ പ്ലാൻ വിജയിച്ചതിലുള്ള പാർട്ടി നടത്തുകയും ചെയ്യുന്നതാണ് മോഹൻകുമാർ ഫാൻസിലെ രംഗം.

നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തുന്നത്. ഇത്തരം പി. ആർ വർക്കുകളുടെ പ്രഹസനം എപ്പോഴാണെങ്കിലും പിടിക്കപ്പെടുമെന്നാണ് ആളുകൾ പറയുന്നത്. എന്നാൽ ഇത് സാറ മനസറിഞ്ഞ് ചെയ്യുന്നതാണെന്നും ഇതിൽ ഇത്തരം വിമർശനങ്ങൾ പാടില്ലെന്നും ചിലയാളുകൾ പറയുന്നു.